രാഹുൽ കാട്ടിയത് വലിയ വഞ്ചന; ജർമനിയിൽ ജോലിയുണ്ടോ എന്നു സംശയമുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം
Mail This Article
എറണാകുളം∙ നവവധുവിനെ ക്രൂരമായി മർദിച്ച കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ പി.ഗോപാലിന് ജർമനിയിൽ ജോലിയുണ്ടെന്ന് പറഞ്ഞത് കളവാണെന്നു സംശയിക്കുന്നതായി പെൺകുട്ടിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് മകളെ ജർമനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞിരുന്നു. ജർമനിയിൽത്തന്നെയാണോ ജോലി എന്ന് ഇപ്പോൾ സംശയിക്കുന്നു. അയാൾ ഒരു വിവാഹ തട്ടിപ്പു വീരനാണെന്നാണ് അറിയുന്നത്. രാഹുലിന്റെ വാക്കുകൾ ഒന്നും വിശ്വസിക്കാൻ കഴിയാത്ത രീതിയിലാണെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.
ക്രൂരമർദനത്തെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽപോയ രാഹുലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാഹുൽ ബെംഗളൂരുവിലുണ്ടെന്നാണ് സൂചന. തുടക്കം മുതൽ അന്വേഷണത്തിൽ വീഴ്ച വന്നതായി കുടുംബം ആരോപിച്ചിരുന്നു. പൊലീസ് രാഹുലിന് അനുകൂലമായി നിലപാട് എടുത്തെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. രാഹുലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ച പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തിരുന്നു. പരാതി ഗൗരവത്തിൽ എടുത്തില്ല, ആവശ്യമായ വകുപ്പുകൾ ചുമത്തിയില്ല എന്നതടക്കമുള്ള വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. അന്വേഷണ സംഘം ഇന്നലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. 4 മണിക്കൂറോളം മൊഴിയെടുത്തു.
പന്തീരാങ്കാവ് പൊലീസിൽനിന്നുള്ള അനുഭവങ്ങളും മർദനത്തെ സംബന്ധിച്ച കാര്യങ്ങളും പൊലീസ് ചോദിച്ചതായി എറണാകുളം സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
‘‘രാഹുൽ മറ്റൊരു വിവാഹം റജിസ്റ്റർ ചെയ്തിരുന്നതായി ഒരു ചാനലിൽ രാഹുലിന്റെ അമ്മ പറയുന്നതായി കേട്ടു. രാഹുൽ കുറച്ചു ദിവസം ആ പെൺകുട്ടിയുമായി കഴിഞ്ഞിട്ടുണ്ട്. പിന്നീട് ആ പെൺകുട്ടി വിവാഹ ബന്ധം വേർപിരിഞ്ഞു. വിവാഹമോചനം നടത്താതെയാണ് എന്റെ മകളെ വിവാഹം കഴിച്ചത്. വലിയൊരു വഞ്ചനയാണ് ചെയ്തത്. ഇതു കൂടാതെ വേറെയും വിവാഹം നടത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പല എൻഗേജ്മെന്റുകളും നടത്തിയിട്ടുണ്ട്. അന്വേഷണത്തിൽ രാഹുൽ തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയാണ് ബന്ധത്തിൽനിന്ന് ആ കുടുംബങ്ങൾ പിൻമാറിയത്.’’ – പിതാവ് പറഞ്ഞു.
‘‘രാഹുൽ നാടുവിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. കുറച്ചുനാൾ ജോലി സംബന്ധമായി െബംഗളൂരുവിലുണ്ടായിരുന്നു. അവിടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മനസിലാക്കുന്നത്. ബെംഗളൂരുവിലാണ് കൂടുതൽ ബന്ധങ്ങളുള്ളത്. അവിടെ അന്വേഷിച്ചാൽ കണ്ടെത്താനാകും. ആദ്യഘട്ടത്തിൽ പന്തീരാങ്കാവ് സ്റ്റേഷനിൽനിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണ്. നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നു.’’ – പിതാവ് പറഞ്ഞു.