സ്ത്രീവിരുദ്ധ പരാമർശം: ആർഎംപി നേതാവ് കെ.എസ്.ഹരിഹരന് പൊലീസ് നോട്ടിസ്
Mail This Article
വടകര ∙ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന് നോട്ടിസ് നൽകി പൊലീസ്. മൂന്നുദിവസത്തിനുള്ളിൽ വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരാകണം. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കും ചലച്ചിത്ര നടിക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയിലാണു നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്നു ഹരിഹരൻ അറിയിച്ചു.
വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമർശം. ആർഎംപി, യുഡിഎഫ് നേതാക്കൾ ഹരിഹരനെ തള്ളിപ്പറഞ്ഞു. പ്രസ്താവനയിൽ ഹരിഹരൻ േഖദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ഹരിഹരനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഞായാറാഴ്ച ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞിരുന്നു. ഹരിഹരന്റെ വീടിന് സമീപത്ത് കാറിലെത്തി അസഭ്യം പറഞ്ഞ 5 പേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു.