മിന്നൽ സമരം മൂലം നഷ്ടം; പാൽക്ഷാമം: വില വർധനയടക്കം തീരുമാനിക്കാൻ മിൽമ
Mail This Article
തിരുവനന്തപുരം ∙ ജീവനക്കാരുടെ മിന്നൽ സമരം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കാൻ മിൽമ. നഷ്ടം തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾ അടക്കമുള്ള തീരുമാനങ്ങൾ അടുത്ത ബോർഡ് യോഗത്തിൽ എടുക്കുമെന്ന് സൂചന. പാൽക്ഷാമം മൂലം വലയുന്ന മിൽമയ്ക്ക് സമരം ഇരുട്ടടിയായി. നാലു ജില്ലകളിലെ പാൽവിതരണം മുടങ്ങി. അവശ്യ സർവീസ് വിഭാഗത്തിൽ വരുന്ന പാൽവിതരണ മേഖലയിൽ മിന്നൽ സമരങ്ങൾ ഒഴിവാക്കണമെന്ന ചിന്തയും മാനേജ്മെന്റ് തലത്തിലുണ്ടെന്നാണ് സൂചന. അതേസമയം, മിന്നൽ സമരം മാനേജ്മെന്റിന്റെ പിടിപ്പുകേടു കൊണ്ടാണ് നടന്നതെന്നും നഷ്ടത്തിന് ഉത്തരവാദികൾ അവരാണെന്നുമാണ് തൊഴിലാളികളുടെ നിലപാട്.
പ്രതിദിനം മിൽമ മാർക്കറ്റിൽ എത്തിക്കുന്നത് 17 ലക്ഷം ലീറ്റർ പാലാണ്. ഇതിൽ നല്ലൊരു പങ്കും കേരളത്തിൽനിന്നു തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിതി മാറി. കടുത്ത ചൂട് പാൽ ഉൽപാദനത്തെ കാര്യമായി ബാധിച്ചു. ഇതിനിടെയായിരുന്നു തൊഴിലാളി സമരം. 16 മണിക്കൂറോളം തിരുവനന്തപുരം മേഖലയിലെ പ്രവർത്തനം നിലച്ചത് ക്ഷാമകാലത്ത് മിൽമയുടെ പ്രവർത്തനം കൂടുതൽ അവതാളത്തിലാക്കി. അതിനിടെ, പാൽ വില കൂടുമോ എന്ന ചോദ്യവും ഉയരുന്നു. 2022 ഡിസംബറിലാണ് പാൽവില അവസാനമായി കൂട്ടിയത്. അതിനുശേഷം പലപ്പോഴായി തീറ്റ, പിണ്ണാക്ക് എന്നിവയുടെ വില വർധിച്ചു.
നഷ്ടം നികത്താൻ കാലിത്തീറ്റയും പിണ്ണാക്കും സബ്‌സിഡി നിരക്കിൽ സർക്കാർ ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഇതിനു സാധിച്ചില്ലെങ്കിൽ പാൽ വില കൂട്ടാതെ മാർഗമില്ല. ജീവനക്കാരുടെ സമരം അവസാനിച്ചെങ്കിലും മിൽമ നേരിടുന്ന പാൽ പ്രതിസന്ധി രൂക്ഷമാണ്. അന്തരീക്ഷതാപനില ക്രമാതീതമായി ഉയർന്നതോടെ പ്രതിദിനം മിൽമയിൽ എത്തുന്ന പാലിൽ രണ്ടര ലക്ഷം ലീറ്ററിന്റെ കുറവാണുള്ളത്. വീടുകളിൽനിന്നു നേരിട്ട് വിൽക്കുന്നതുകൂടി കണക്കിലെടുത്താൽ ഏകദേശം 6.5 ലക്ഷം ലീറ്ററിന്റെ കുറവാണ് പ്രതിദിനം ഉണ്ടായത്. സാധാരണ കാലാവസ്ഥയിൽ ഒരു പശുവിൽനിന്നു ശരാശരി 18 -20 ലീറ്റർ പാലാണ് ലഭിക്കുന്നത്. ഇതു പകുതിയായി കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പുറത്തുനിന്നു പാൽ വാങ്ങി ക്ഷാമം അതിജീവിക്കുകയാണ് ലക്ഷ്യം. കാലവർഷം എത്തിയാൽ പ്രതിസന്ധി മറികടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കർഷകർക്കുള്ളത്. പക്ഷേ അതിനിനിയും ഒരു മാസമെങ്കിലും വേണം. പാൽ വിറ്റുകിട്ടുന്ന തുകയുടെ പകുതിയോളം പശുവിന്റെ പരിപാലനത്തിനു വേണ്ടിവരും. ഇപ്പോൾ കിട്ടുന്ന തുക മുഴുവൻ തീറ്റയ്ക്കായി ചെലവാക്കേണ്ടിവരുന്നു. മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലീറ്ററും ഖരപദാർഥങ്ങളുടെ അളവ് (എസ്എൻഎഫ്) 8.5 മില്ലി ലീറ്ററുമുള്ള പാലിനു ശരാശരി 44 രൂപ വരെയാണ് ലഭിക്കുന്നത്. വേനൽക്കാലത്ത് പശുക്കൾ തീറ്റയെടുക്കുന്നത് കുറയുന്നതിനാൽ പാലിന്റെ ഗുണമേന്മയും കുറയും. ഇതു കാരണം വില പിന്നെയും താഴും. പശുക്കൾക്കു ദിനംപ്രതി 30 കിലോയോളം പച്ചപ്പുല്ല് കൊടുക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പ് പറയുന്നത്. 40 ലീറ്ററിൽ കുറയാതെ വെള്ളവും വേണം. വേനൽക്കാലത്ത് പച്ചപ്പുല്ല് കിട്ടുന്നില്ല. ചൂട് പ്രതിരോധിക്കാനും പോഷകാഹാരം നിലനിർത്താനും ധാതുലവണമിശ്രിതമാണ് നൽകുന്നത്. ഇതിനാകട്ടെ കൂടുതൽ ചെലവുമുണ്ട്.