ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ എച്ച്.യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.

എന്നാല്‍, ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച് ഇന്നലെ സ്ഥലം മാറിപ്പോയ സിജെഎം ഈ അപേക്ഷ വനിതാ മജിസ്‌‌ട്രേറ്റുള്ള മറ്റൊരു കോടതിയിലേക്കു മാറ്റി. ഈ കോടതിയാവും മൊഴി രേഖപ്പെടുത്താനുള്ള തീയതി നിശ്ചയിക്കുക. ഡ്രൈവര്‍ കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയറുടെ പരാതി. 

ആര്യയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎൽഎയും കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞത് വന്‍വിവാദമായിരുന്നു. ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മേയര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. യദുവിന്റെ കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ ഐപിസി-353 വകുപ്പാണ് ഇവര്‍ക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. മേയര്‍ക്കും കൂട്ടര്‍ക്കുമെതിരെ തെളിവ് നശിപ്പിക്കലിനു ഏഴു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണ്.

English Summary:

Mayor ksrtc driver issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com