രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് കോൺഗ്രസ് തകർക്കും; അവർ യോഗിയെ കണ്ടുപഠിക്കണം: മോദി
Mail This Article
ലക്നൗ ∙ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്പി) അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര വിധി അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചു. കോൺഗ്രസും അഖിലേഷ് യാദവിന്റെ എസ്പിയും ബുൾഡോസർ എവിടെ ഉപയോഗിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കണമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ ബരാബങ്കിയിലെ തിരഞ്ഞെടുപ്പു റാലിയിലാണു മോദിയുടെ പരാമർശം.
‘‘എസ്പിയും കോൺഗ്രസും ഉൾപ്പെട്ട ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും കൂടാരത്തിലാകും. അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും. അവർ യോഗിയെ കണ്ടു പഠിക്കണം. എവിടെ ബുൾഡോസർ ഓടണം, എവിടെ ഓടരുത് എന്ന് അദ്ദേഹം പറഞ്ഞുതരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടും.
എസ്പിയുടെ രാജകുമാരനു ബംഗാളിൽ നിന്നൊരു ആന്റിയെ പുതുതായി ലഭിച്ചിട്ടുണ്ട്. ഈ ആന്റി ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാം എന്നാണ് പറയുന്നത്’’ – മോദി പറഞ്ഞു. ‘‘ഈ രാജ്യം വിഭജിക്കാനാവില്ലെന്ന് സ്വാതന്ത്ര്യസമര കാലത്ത് ആളുകൾ പറഞ്ഞിരുന്നു. പക്ഷേ, അത് സംഭവിച്ചു. അവർ അത് ചെയ്തു. അവരുടെ ട്രാക്ക് റെക്കോർഡ് അങ്ങനെയാണ്. കുടുംബവും അധികാരവുമാണ് എല്ലാം’’ – കോൺഗ്രസിനെ ഉന്നമിട്ട് മോദി വ്യക്തമാക്കി.