എം.വി.ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: സ്വപ്ന സുരേഷിന്റെ ഹർജി 21ലേക്കു മാറ്റി
Mail This Article
കൊച്ചി∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി. തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. താൻ ബെംഗളൂരുവിലാണു താമസിക്കുന്നതെന്നും തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകുന്നതിലുള്ള ബുദ്ധിമുട്ടുമടക്കമുള്ള കാര്യങ്ങള്‍ സ്വപ്നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഉന്നയിച്ചു. അപകീർത്തികരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അക്കാര്യം ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ കേസ് 21ന് പരിഗണിക്കാമെന്ന് ജസ്റ്റിസ് വിജു ഏബ്രഹാം വ്യക്തമാക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദൻ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇതിനായി 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. തുടർന്ന് എം.വി.ഗോവിന്ദൻ സ്വപ്നക്കെതിരെ അപകീർത്തക്കേസ് നൽകുകയായിരുന്നു. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നത് കൊച്ചിയിലേക്കു മാറ്റണമെന്ന സ്വപ്നയുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പുറകെ പോകാനാകില്ല എന്നായിരുന്നു കോടതി പറഞ്ഞത്.