ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്ന്: തിരുവഞ്ചൂർ രാധാകൃഷ്ണൻ
Mail This Article
തിരുവനന്തപുരം ∙ സോളർ സമരം ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി തന്നെ വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസാരിച്ച കാര്യങ്ങളെക്കുറിച്ച് താൻ ഇപ്പോഴൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അന്ന് ചെറിയാൻ ഫിലിപ് കൈരളിയിലാണ്. ചെറിയാന്റെ ഫോണിൽനിന്നാണ് എന്നെ ജോൺ ബ്രിട്ടാസ് വിളിക്കുന്നത്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അത് പറ്റില്ലെന്ന് ഞങ്ങളും പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം നടത്തുന്നതിൽ ഞങ്ങൾക്ക് സമ്മതമായിരുന്നു. അതിന് ഉത്തരവിട്ടു. അതിൽ സിറ്റിങ് ജഡ്ജി വേണമെന്ന് അവർ പറഞ്ഞു. ഹൈക്കോടതി അനുവദിച്ചാൽ അങ്ങനെയാകാമെന്ന് ഞങ്ങൾ പറഞ്ഞു. പക്ഷേ കോടതി വിസമ്മതിച്ചതോടെ റിട്ടയേഡ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിച്ചു.
എന്നോട് സംസാരിച്ചോ ഇല്ലയോ എന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്നം. സമരം തീർക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടെന്നു ഞങ്ങൾക്ക് തോന്നിയിരുന്നു. ഞങ്ങളും അതിൽ പോസിറ്റീവായ സിഗ്നൽ കൊടുത്തിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം ഭംഗിയായി തീർത്തു. റിസൾട്ടാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ റിസൾട്ട് ഞങ്ങൾ പറഞ്ഞ രീതിയിൽതന്നെ കാര്യങ്ങൾ പോയി എന്നുള്ളതാണ്. അതാണ് ഞങ്ങളുടെ സംതൃപ്തി.
സമരം അവസാനിപ്പിച്ച രീതിയെക്കുറിച്ച് ഒരു ഇടതുനേതാവും ആക്ഷേപമുന്നയിച്ചിട്ടില്ല. സമരത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളെക്കുറിച്ച് ആരും നെഗറ്റീവായി പറഞ്ഞിട്ടില്ല. അപ്പോൾ ഞങ്ങളെന്താണ് അനുമാനിക്കേണ്ടത്. അവരുടെയെല്ലാം കൂടിയാലോചനയ്ക്ക് ശേഷമായിരിക്കാം അങ്ങനെയൊരു ചിന്ത വന്നത് എന്നല്ലേ?.–തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.