ഗുണ്ടകളെ മെരുക്കാൻ കാപ്പ: എന്താണ് കാപ്പ? ആരൊക്കെ ജയിലിലാകും?
Mail This Article
തിരുവനന്തപുരം ∙ ഗുണ്ടകളുമായി ബന്ധപ്പെട്ട് കേൾക്കുന്ന പേരാണ് കാപ്പ. ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചു, നാടുകടത്തി എന്നീ പ്രയോഗങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്. എന്താണ് കാപ്പ? സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ 2007ൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ അക്ടിവീറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ). ഏഴു വർഷത്തിനിടയിൽ കുറഞ്ഞത് മൂന്നു ക്രിമിനൽ കേസിൽ പ്രതിയായി, അവസാന കേസിൽ പ്രതിയായി 6 മാസം കഴിയാത്തവരെയാണ് കാപ്പ ചുമത്താൻ ശുപാർശ ചെയ്യുന്നത്. പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകൾ കാപ്പയ്ക്കായി പരിഗണിക്കില്ല. പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസുകൾ പരിഗണിക്കണമെന്നാണ് കാപ്പ നിയമത്തിലുള്ളത്. ഒരു കൊല്ലംവരെ കാപ്പ ബോർഡിന് പ്രതിയെ കരുതൽ തടങ്കലിൽ വയ്ക്കാം. റേഞ്ച് ഡിഐജിക്കോ ഐജിക്കോ പ്രതിയെ ഒരു വർഷംവരെ നാടുകടത്താനുള്ള അധികാരവും കാപ്പ നിയമത്തിലുണ്ട്.
ക്രിമിനൽ കേസിൽ പ്രതിയുടെ പങ്ക് നോക്കിയാണ് കാപ്പ ചുമത്തണോ എന്നു തീരുമാനിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെയാണ് കാപ്പ ചുമത്തുന്നത്. കേസിൽ സജീവ പങ്കാളിത്തം ഉണ്ടാകണം. റൗഡി ലിസ്റ്റിൽ (റൗഡി ഹിസ്റ്ററി ഷീറ്റ്) പേരുണ്ടാകുകയും നേരത്തെ 107 വകുപ്പ് ചുമത്തുകയും ചെയ്യുന്നവരെയാണ് കാപ്പ ചുമത്താനായി പരിഗണിക്കുന്നത്. പുതിയ ക്രിമിനൽ കേസ് പ്രതികളിൽ കാപ്പ ചുമത്താറില്ല. സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) പ്രതിയുടെ വിശദമായ കേസ് വിവരങ്ങൾ റിപ്പോർട്ടായി രേഖപ്പെടുത്തി എസ്പി ഓഫിസിനു കൈമാറും. സിറ്റി പരിധിയിലാണെങ്കിൽ ഡിസിപി ഓഫിസിനാണ് ഇതു നൽകുന്നത്. ഇതു പരിശോധിച്ചശേഷം കലക്ടർക്ക് അയയ്ക്കും. കലക്ടറാണ് കാപ്പ വാറന്റ് പുറപ്പെടുവിക്കുന്നത്.
കാപ്പ പ്രതിയായി ജയിലിൽ കഴിയുന്നവർക്ക് അപ്പീൽ നൽകാം. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് കാപ്പ ബോർഡ്. രേഖകൾ പരിശോധിച്ച് ബോർഡിന് അപ്പീൽ തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം, ശിക്ഷയിൽ ഇളവും അനുവദിക്കാം. കാപ്പ അനുസരിച്ച് ജില്ലയിൽനിന്ന് നാടു കടത്താനുള്ള അധികാരം ഡിഐജിക്കും ഐജിക്കുമാണ്. കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച് ജയിൽ മോചിതരാകുന്നവർക്ക് വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് കാണിച്ച് പൊലീസ് നോട്ടിസ് നൽകും. ഇത് ലംഘിച്ചാൽ നാടു കടത്താൻ നടപടിയെടുക്കും. ജില്ലയിൽ പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല. ഇതു ലംഘിച്ചാൽ ജയിലിലാക്കും.