ADVERTISEMENT

തിരുവനന്തപുരം∙ സ്വകാര്യ വിദേശയാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു മുന്നിലുള്ളത് നിരവധി ഭരണ, രാഷ്ട്രീയ വിഷയങ്ങൾ. മുന്നണി ബന്ധത്തെ ബാധിക്കാത്ത രീതിയിൽ രാജ്യസഭാ സീറ്റ് തർക്കം പരിഹരിക്കണം. സംസ്ഥാനത്തെ ക്രമസമാധാന നിലയും ഗുണ്ടാ ആക്രമണങ്ങളും മറ്റൊരു പ്രധാന പരിഗണനാ വിഷയമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തു പോയത് രാഷ്ട്രീയ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിലും ഡൽഹിയിലും മുഖ്യമന്ത്രി പ്രചാരണത്തിനായി പോകുമോയെന്നും കണ്ടറിയണം. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. പകരം ചുമതല ആർക്കും നൽകിയിരുന്നില്ല.

എൽഡിഎഫിലെ പ്രമുഖ ഘടകകക്ഷികളെല്ലാം രാജ്യസഭാ സീറ്റിനായി അവകാശവാദം ഉന്നയിച്ചത് മുന്നണിക്ക് തലവേദനയാണ്. സിപിഐ, കേരള കോൺഗ്രസ് (എം), ആർജെഡി, എൻസിപി എന്നിവരെല്ലാം അവകാശവാദവുമായി രംഗത്തുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുമാണ് രാജ്യസഭാ സീറ്റ് ഒരേസമയം ഒഴിയുന്നത്. മൂന്ന് ഒഴിവുകളിൽ രണ്ടെണ്ണം എൽഡിഎഫിനാണ്. അതിൽ ഒരെണ്ണം സിപിഎമ്മിനും. സിപിഐക്ക് സന്തോഷ് കുമാർ കൂടി രാജ്യസഭ അംഗമായുണ്ട്. ജോസ് കെ.മാണി മാത്രമാണ് നിലവിൽ കേരള കോൺഗ്രസ് (എം) രാജ്യസഭാ പ്രതിനിധി. ജൂണിലാകും രാജ്യസഭാ തിരഞ്ഞെടുപ്പിനു വിജ്ഞാപനം വരിക.

അഞ്ചാംഘട്ടത്തിൽ, മേയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലും ആറാംഘട്ടത്തിൽ, 25 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിലും മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുമോയെന്ന ചോദ്യവും ഉയരുന്നു. മുഖ്യമന്ത്രി സാധാരണ നിലയിൽ മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാറില്ലെന്ന് പാർട്ടി നേതൃത്വം പറയുന്നു. നാട്ടിലുള്ളപ്പോഴും മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോയിരുന്നില്ല. കേരളത്തിൽ കോൺഗ്രസുമായി സിപിഎം നേരിട്ട് ഏറ്റുമുട്ടുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് ഇരു പാർട്ടികളും. മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയാൽ ഇക്കാര്യം അവിടെ രാഷ്ട്രീയ ചർച്ചയാകും.

അതേസമയം, ഗുണ്ടകളുടെ എണ്ണം വർധിക്കുന്നതിനെതിരെ കർശന നടപടികൾ വേണ്ടിവരും. മുൻപ് നടന്ന ഉന്നതതല യോഗങ്ങളിൽ മുഖ്യമന്ത്രി കർശന നടപടിക്ക് നിർദേശിച്ചെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ അവതാളത്തിലായിരുന്നു.

English Summary:

Issues infront of CM Pinarayi Vijayan After Foreign Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com