‘ഒരു കേജ്‍രിവാളിനെ അറസ്റ്റ് ചെയ്താൽ നൂറ് കേജ്‍രിവാളുമാർ ജന്മമെടുക്കും’; എഎപി പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു
Mail This Article
ന്യൂഡൽഹി∙ ബിജെപി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ബിജെപി ഓഫിസിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ബാരിക്കേഡിന് മുന്നിൽ നിലയുറപ്പിച്ച് കേജ്‍രിവാള്‍.
പാർട്ടിയെ തകർക്കാൻ ഓപ്പറേഷൻ ചൂലിന് ബിജെപി ശ്രമം നടത്തുകയാണെന്നും ഒരു കേജ്‍രിവാളിനെ അറസ്റ്റ് ചെയ്താൽ നൂറ് കേജ്‍രിവാളുമാർ ജന്മമെടുക്കുമെന്നും അരവിന്ദ് കേജ്രിവാൾ പറഞ്ഞു. മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ 144 പ്രഖ്യാപിച്ചിരുന്നു. ഐടിഒയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചു. ആം ആദ്മി പാർട്ടിയുടെ ആസ്ഥാനത്തിനു മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ‘‘എഎപിയുടെ വളർച്ചയിൽ മോദിക്ക് ആശങ്കയാണ്. അതിന്റെ ഭാഗമായാണു തന്നെയും മനീഷ് സിസോദിയെയും ജയിലിൽ അടച്ചത്. ഡൽഹിയിലും ഹരിയാനയിലും നല്ല ഭരണം നടത്താൻ ആം ആദ്മി പാർട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബിജെപിക്ക് അതിനു കഴിയില്ല. വരുംകാല രാഷ്ട്രീയത്തിൽ ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി ആം ആദ്മി പാർട്ടി മാറുമെന്ന ബോധ്യം പ്രധാനമന്ത്രിക്കുണ്ട്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ദരിദ്രർക്ക് രാജ്യം മുഴുവൻ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ആയിരം രൂപ വീതം വനിതകൾക്ക് അവരുടെ അക്കൗണ്ടുകളിൽ എത്തിച്ചു നൽകും’’ – കേജ്‌രിവാൾ പറഞ്ഞു.
കേജ്രിവാൾ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിനെതിരെ സദസിൽനിന്നും പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചയാളെ പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.