റേവ് പാർട്ടിക്കിടെ ലഹരിവേട്ട; തെലുങ്ക് സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെ പിടിയിൽ
Mail This Article
ബെംഗളൂരു∙ റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ ലഹരിവേട്ടയിൽ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിലായെന്നു സൂചന. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപം ജിആർ ഫാംഹൗസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ്. ഹൈദരാബാദിൽ നിന്നുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത് എന്നാണ് വിവരം.
ജന്മദിനാഘോഷത്തിന്റെ ഭാഗമെന്ന പേരിൽ സംഘടിപ്പിച്ച പാർട്ടി പുലർച്ചെ രണ്ടു മണി കഴിഞ്ഞും നീണ്ടതോടെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരിവിരുദ്ധ വിഭാഗം പരിശോധന നടത്തിയത്. റെയ്ഡിൽ നിരോധിത ലഹരിവസ്തുക്കൾ വലിയ അളവിൽ കണ്ടെടുത്തതായാണ് സൂചന. 17 എംഡിഎംഎ ഗുളികകളും കൊക്കെയ്നും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
പാർട്ടി നടന്ന സ്ഥലത്തു നിന്നും പൊലീസ് പിടിച്ചെടുത്ത വാഹനത്തിൽനിന്ന് ഒരു ആന്ധ്രപ്രദേശ് എംഎൽഎയുടെ പാസ്പോർട്ടും കണ്ടെത്തി. തെലുങ്ക് സിനിമാ താരങ്ങളാണ് പിടിയിലായത് എന്നാണ് റിപ്പോർട്ടുകൾ. 25 യുവതികൾ ഉൾപ്പെടെ ആന്ധ്ര, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്.