തമിഴ്നാട്ടിൽ കനത്ത മഴ; പാലം മുറിച്ചുകടക്കാൻ ശ്രമിച്ചയാളും രക്ഷിക്കാനെത്തിയ 3 പേരും ഒഴുക്കിൽപ്പെട്ടു
Mail This Article
ചെന്നൈ∙ കനത്ത മഴ നാശം വിതയ്‌ക്കുന്ന തമിഴ്‌നാട്ടിലെ തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി. പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനും, രക്ഷിക്കാനെത്തിയ മൂന്നു പേരുമാണ് ഒഴുക്കിൽപ്പെട്ടത്. തിരുപ്പുരിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കോയമ്പത്തൂരിലും കന്യാകുമാരിയിലും അടക്കം എട്ടു ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്.
കേരളത്തിൽ കനത്ത മഴ തുടരുന്നതോടൊപ്പം അയാൾ സംസ്ഥാനമായ തമിഴ്നാട്ടിലും മഴ ദുരിതം വിതക്കുന്നതായാണ് റിപ്പോർട്ടുകൾ. കന്യാകുമാരി, തേനി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലായി അതിതീവ്രമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. കൂടാതെ വിരുദുനഗർ, തിരുപ്പുർ, കോയമ്പത്തൂർ, നീലഗിരി, ഡിണ്ടിഗൽ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.