തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
തിരുവനന്തപുരം ∙ നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടതിനെക്കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആക്ടിങ് ചെയർപഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥാണു നഗരസഭാ സെക്രട്ടറിക്കു നിർദേശം നൽകിയത്. മഴ പെയ്തതോടെ തലസ്ഥാനത്തു യാത്ര ദുസ്സഹമായി മാറിയിരിക്കുകയാണ്. കേസ് ജൂണിൽ പരിഗണിക്കും.
വലിയ കുഴികൾ ചാടി കടന്നാണു വീട്ടുകാർ പുറത്തുപോകുന്നത്. പലരും കാർ എടുത്തിട്ടു മാസങ്ങളായി. മഴ തുടങ്ങിയതോടെ റോഡ് നിർമാണം നിലച്ചു. നഗരത്തിലെ 80 റോഡുകളാണു സ്മാർട്ടാക്കുന്നത്. 273 കോടി മുടക്കിയാണു നവീകരണം. സ്കൂളുകളും കോളജുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപ്പൊളിച്ചത്. കഴിഞ്ഞദിവസം മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞു. 28 റോഡുകളുടെ നവീകരണം ഇനി പൂർത്തിയാക്കാനുണ്ട്. കൃത്യമായ ആസൂത്രണമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണം. നിർമാണം എന്നു തുടങ്ങിയെന്നും പൂർത്തിയാകുമെന്നും ബോർഡ് സ്ഥാപിക്കണമെന്നു പൊതുമരാമത്ത് മാന്വലിൽ പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല.