കോവാക്സിന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട പഠനം കൃത്യതയോടെയല്ല: ഐസിഎംആർ
Mail This Article
ന്യൂഡൽഹി∙ കോവാക്സിനുമായി ബന്ധപ്പെട്ട ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനങ്ങൾ തള്ളി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) റിപ്പോർട്ട്. കോവാക്സിൻ സ്വീകരിച്ച മൂന്നിലൊരാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നായിരുന്നു റിപ്പോർട്ട്. പാർശ്വഫലങ്ങളെപ്പറ്റി പറയുന്ന പഠനങ്ങളുമായി സഹകരിച്ചിട്ടില്ലെന്ന് ഐസിഎംആർ വ്യക്തമാക്കി. റിപ്പോർട്ടിൽ ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നത്. ബനാറസ് ഹിന്ദു സർവകലാശാല ഗവേഷണം നടത്തിയത് കൃത്യതയോടെയല്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു.
കോവാക്‌സിന്‍ സ്വീകരിച്ചവർക്ക് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടെന്നായിരുന്നു ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍. 926 പേരില്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പഠനത്തില്‍ പകുതി പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടെന്നാണ് കണ്ടെത്തിയത്.
‘സ്പ്രിംഗര്‍ നേച്ചര്‍’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തില്‍ പറയുന്നു. ഡോ.ശങ്ക ശുഭ്ര ചക്രബര്‍ത്തിയുടെ നേതൃത്ത്വത്തില്‍ 2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെയാണ് പഠനം നടന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ നിർമിച്ച് വിതരണം ചെയ്തത്. നേരത്തെ, വിദേശത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു.