കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടി: ശിക്ഷ വേഗം നടപ്പാക്കണമെന്ന് നിയമ വിദ്യാർഥിനിയുടെ അമ്മ
Mail This Article
കൊച്ചി ∙ ഈ ഒരു ദിവസത്തിനു വേണ്ടിയാണ് താൻ കാത്തിരുന്നതെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ. തന്റെ മകൾ അനുഭവിച്ച വേദന കൊലയാളിയായ അമീറുൽ ഇസ്‍ലാമും അനുഭവിക്കണമെന്ന് അവർ പറഞ്ഞു. കേസിലെ പ്രതിയായ അസം നാഗോൺ സോലപത്തൂർ സ്വദേശി അമീറുൽ ഇസ്‌ലാമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അവർ. അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി തീരുമാനം.
‘‘എന്റെ മകൾ അനുഭവിച്ചതു പോലൊരു വേദന ഇനിയൊരു പെൺകുട്ടിയും അമ്മമാരും കുഞ്ഞുങ്ങളും അനുഭവിക്കരുത്. ഈയൊരു ദിവസത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. എന്റെ മോൾ അനുഭവിച്ച വേദന അവനും തിരിച്ച് അനുഭവിക്കണം, അത്രയും ക്രൂരമായാണ് എന്റെ മോൾ കൊല്ലപ്പെട്ടത്. ഇവനെപ്പോലുള്ളവരെ കൊന്നു കളഞ്ഞാൽ മുൻപോട്ടെങ്കിലും സ്ത്രീകൾക്ക് മനഃസമാധാനത്തോടെ കഴിയാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’ – കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ പറഞ്ഞു.
എട്ടു വർഷമായി തന്റെ മകൾ കൊല്ലപ്പെട്ടിട്ടെന്നും ശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2016 ഏപ്രിൽ 28നാണ് നിയമവിദ്യാർഥിയെ കുറുപ്പംപടിയിലെ ഒറ്റമുറി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.