ആണവ കരാറിനെ എതിർത്ത തീവ്ര നിലപാടുകാരൻ; പരമോന്നത നേതാവായി വളരവേ അന്ത്യം; ആരാണ് റഈസി?
Mail This Article
ഇറാൻ പ്രസിഡന്റ്, അവരുടെ അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരം, തീവ്രനിലപാടുകളുടെ പേരിൽ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിമർശന വിധേയൻ, യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കരട്... ആരാണ് ഇബ്രാഹിം റഈസി (63) എന്ന ചോദ്യത്തിനുള്ള ഉത്തരം ഒറ്റ വാക്കിൽ ഒതുങ്ങുന്നതല്ല.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റഈസി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ആകസ്മിക നിര്യാണം. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് റഈസി. 2017ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും അന്നത്തെ പ്രസിഡന്റായ ഹസൻ റൂഹാനിയോടു പരാജയപ്പെട്ടു.
തീവ്രനിലപാടുകാരനായ റഈസി 2019 മാർച്ചിലാണു ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായത്. റഈസിക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യുഎസ് ഉപരോധം നിലനിൽക്കുന്നുമുണ്ട്.
∙ പ്രോസിക്യൂട്ടറായി തുടക്കം
പതിനഞ്ചാം വയസ്സിൽ പ്രശസ്തമായ ക്വൂം മതപാഠശാലയിൽ പഠനത്തിനുചേർന്ന റഈസിക്ക് നിരവധി മുസ്‌ലിം പണ്ഡിതന്മാരുടെ കീഴിൽ പഠിക്കാൻ അവസരം ലഭിച്ചിരുന്നു. വിവിധ നഗരങ്ങളിൽ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച റഈസി പിന്നീട് തലസ്ഥാനമായ ടെഹ്റാനിൽ ഡപ്യൂട്ടി പ്രോസിക്യൂട്ടറായി നിയമിതനായി. 1983ൽ ജമീലെ അലമോൽഹദയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്.
പ്രതിപക്ഷത്തിന്റെ നിശിതവിമർശനത്തിനു വിധേയനാകേണ്ടിവന്ന ചുമതലയിലേക്ക് റഈസി വരുന്നത് 1988ലാണ്. രാഷ്ട്രീയ തടവുകാരുടെ വധശിക്ഷയിൽ തീരുമാനമെടുക്കുന്ന കമ്മിറ്റിയുടെ ഭാഗമായി അദ്ദേഹം. ഇതേത്തുടർന്നാണ് പിൽക്കാലത്ത് യുഎസ് റഈസിക്ക് ഉപരോധം പോലും ഏർപ്പെടുത്തിയത്. 5000ൽ അധികം പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് 1990ലെ ആംനെസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ടിൽ പറയുന്നത്.
1989ൽ ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല റൂഹല്ല ഖമേനിയുടെ മരണത്തിനുശേഷം ടെഹ്റാനിലെ പ്രോസിക്യൂട്ടറായി നിയമിതനായി. പിന്നീട് നിലവിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കീഴിൽ പടിപടിയായി വളർന്നു. ഇറാന്റെ ഇപ്പോഴത്തെ നേതൃത്വത്തിലേക്കുള്ള കടന്നുവരവിന് അടിസ്ഥാനശിലയിട്ട, മതകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന അസ്താൻ ഖുദ്സ് റാസവിയുടെ ചെയർമാനായി 2016 മാർച്ച് 7ന് റഈസി ചുമതലയേറ്റു.
∙ ഇറാന്റെ നേതൃത്വത്തിലേക്ക്
2017ലാണ് റഈസി ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത്. അന്നത്തെ പ്രസിഡന്റായിരുന്ന ഹസൻ റൂഹാനിയോടായിരുന്നു മത്സരം. ഉപരോധം കൊണ്ടു വലഞ്ഞിരുന്ന ഇറാന്, റൂഹാനിയുടെ നേതൃത്വത്തിൽ ലോകശക്തികളോടു സഹകരിച്ചു നടപ്പാക്കിയ 2015ലെ ആണവ ഇടപാട് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഈ ഇടപാടിനെതിരായിരുന്നു റഈസി.
അന്നത്തെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെതന്നെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം റഈസി തുടങ്ങി. 2021 ജൂണിൽ 62% വോട്ടു നേടി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ആകെ ജനസംഖ്യയിൽ 48.8% പേർ മാത്രമാണ് അന്നു വോട്ടുചെയ്തത്. നിരവധി സ്ഥാനാർഥികളെ മത്സരിക്കുന്നതിൽനിന്ന് തടഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആദ്യത്തെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല റൂഹല്ല ഖമെയ്നിയുമായും ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായും റഈസിക്ക് ശക്തമായ അടുപ്പമുണ്ടായിരുന്നു. സർക്കാരിലെ വിവിധ വിഭാഗങ്ങളുമായും മികച്ച ബന്ധം ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചു.
∙ പ്രതിരോധത്തിന് പ്രാധാന്യമെന്ന് വിമർശകർ
കടുത്ത ഉപരോധത്തെ തുടർന്ന് രാജ്യം ദാരിദ്ര്യത്തിൽ മുങ്ങിത്താഴുമ്പോഴും പ്രതിരോധ ബജറ്റിനായി വൻ തുക നീക്കിവച്ചത് കടുത്ത വിമർശനം ക്ഷണിച്ചുവരുത്തി. 2022ൽ മതപൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ഹിജാബ് ധരിക്കാത്തതിന്റെ പേരിലായിരുന്നു അറസ്റ്റ്.
ഒട്ടേറെപ്പേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധം അടിച്ചമർത്താനുള്ള പൊലീസിന്റെ നീക്കം അഞ്ഞൂറിലധികം പേരുടെ മരണത്തിനും ഇടയാക്കി. കൊല്ലപ്പെട്ടിരുന്നു. 2023 മധ്യത്തോടെയാണ് പ്രതിഷേധത്തിന് കുറച്ചൊരു അയവു വന്നത്. ഈ വിഷയത്തിൽ യുഎന്നിന്റെ റിപ്പോർട്ടും ഇറാന് എതിരായിരുന്നു.
∙ ആണവ കരാറിനോട് വിയോജിപ്പ്
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് ആണവ കരാറിൽനിന്നു പൊടുന്നനെ പിന്മാറിയത് രാജ്യാന്തര തലത്തിലെ ഇറാന്റെ ബന്ധങ്ങളിലും ഉലച്ചിലുണ്ടാക്കി. ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങൾ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ വീണ്ടും ആണവ പദ്ധതികൾ പുനരാരംഭിക്കുകയാണെന്ന് റഈസി പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയും കാര്യങ്ങൾ മോശമാക്കി. രാജ്യാന്തര വിഷയങ്ങളിൽ റഈസി നടത്തിയ വിവാദ പ്രസ്താവനകൾ യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചു.
പലസ്തീൻ വിഷയത്തിൽ ഇസ്രയേലുമായി റഈസി സ്ഥിരമായി കൊമ്പുകോർത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ 300ൽ അധികം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചുള്ള ആക്രമണം നടത്തിയത് റഈസിയുടെ അനുവാദത്തോടെയായിരുന്നു. പാശ്ചാത്യ ശക്തികളോട് എതിർത്തുനിൽക്കുന്ന സിറിയയുമായും പലസ്തീൻ പോരാട്ടത്തിന് പിന്തുണ നൽകുന്ന ലബനനിലെ ഹിസ്ബുല്ലയുമായും ഇറാൻ മികച്ച ബന്ധം കാത്തുസൂക്ഷിച്ചതും റഈസിയുടെ നിലപാടിന്റെ ഭാഗം തന്നെ.