വോട്ട് ചെയ്തില്ല; യശ്വന്ത് സിൻഹയുടെ മകന് ബിജെപിയുടെ കാരണം കാണിക്കൽ നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ വോട്ടുചെയ്യാത്ത മുൻ കേന്ദ്രമന്ത്രിയോട് വിശദീകരണം തേടി ബിജെപി. ജാർഖണ്ഡ് എംപിയും മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകനുമായ ജയന്ത് സിൻഹയ്ക്കാണ് ബിജെപി കാരണം കാണിക്കൽ നോട്ടിസ് അയച്ചത്. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ സംഘടനാ പ്രവർത്തനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ജയന്ത് പങ്കെടുക്കാതെ വിട്ടുനിന്നുവെന്നും പാർട്ടി ആരോപിച്ചു.
‘മണ്ഡലത്തിൽ മനീഷ് ജയ്സ്വാളിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയന്തിന്റെ മനംമാറ്റം. വോട്ട് ചെയ്യണമെന്നു പോലും നിങ്ങൾക്ക് തോന്നിയില്ല. ഈ പ്രവൃത്തിയിലൂടെ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു’– ബിജെപി ജാർഖണ്ഡ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിത്യ സാഹു അയച്ച നോട്ടിസിൽ ആരോപിക്കുന്നു. രണ്ടു ദിവസത്തിനുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് ജയന്തിനോട് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ ജയന്തിന്റെ മകൻ ആശിഷ് സിൻഹ ജാർഖണ്ഡിലെ ഇന്ത്യാസഖ്യത്തിന്റെ റാലിയിൽ പങ്കെടുക്കുകയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മാർച്ചിൽ ജയന്ത് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് ഒഴിവാക്കി നൽകണമെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയോട് ട്വിറ്ററിൽ അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാമാറ്റം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നായിരുന്നു ജയന്തിന്റെ വിശദീകരണം. 1998 മുതൽ 26 വർഷം യശ്വന്ത് സിൻഹയും മകൻ ജയന്ത് സിൻഹയുമാണ് പാർലമെന്റിൽ ഹസാരിബാഗിനെ പ്രതിനിധാനം ചെയ്തിരുന്നത്.