പകലും ഹെഡ്ലൈറ്റ് വേണം, കറന്റ് പോയാൽ ജനറേറ്ററില്ല; കൂനിന്മേൽ കുരുവായി കുതിരാൻ
Mail This Article
പാലക്കാട് ∙ തൃശൂർ – പാലക്കാട് റൂട്ടിലെ കുതിരാൻ തുരങ്കം യാത്രക്കാർക്കു ഭീഷണിയാകുന്നു. തുരങ്കത്തിനുള്ളിൽ വൈദ്യുതി നിലച്ചാൽ ജനറേറ്റർ പ്രവർത്തിക്കാൻ വൈകുന്നതാണു പുതിയ പ്രതിസന്ധി. കഴിഞ്ഞ ദിവസങ്ങളിൽ പലപ്പോഴായി വൈദ്യുതി നിലച്ചതു തുരങ്കത്തിന് ഉൾവശം പൂർണമായും ഇരുട്ടിലാക്കി. പകൽ വെളിച്ചത്തിൽ പോലും തുരങ്കത്തിലെ വിളക്കുകൾ അണഞ്ഞാൽ അകത്ത് ഇരുട്ടാകും.
പകലും രാത്രിയും വ്യത്യാസമില്ലാതെ എല്ലാ വാഹനങ്ങളും ഹെഡ് ലൈറ്റിട്ടാണു തുരങ്കത്തിൽ പ്രവേശിക്കുന്നത്. വൈദ്യുതി നിലയ്ക്കുന്ന സമയത്തു തനിയെ ജനറേറ്ററിലേക്കു പ്രവർത്തനം മാറുകയും വിളക്കുകൾ അണയാതിരിക്കുകയും ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള സ്ഥിതി. എന്നാൽ, വൈദ്യുതി നിലയ്ക്കുമ്പോൾ തനിയെ ജനറേറ്റർ പ്രവർത്തിക്കുന്നതിനുള്ള സംവിധാനം തകരാറിലായതോടെയാണു കുതിരാൻ തുരങ്കത്തിൽ ഇരുട്ട് പരക്കാൻ തുടങ്ങിയത്.
2021 ജൂലായ് 31നു ഗതാഗതത്തിനു തുറന്നുകൊടുത്ത തുരങ്കത്തിൽ അറ്റകുറ്റപ്പണി തുടരുകയാണ്. ഗാൻട്രി കോൺക്രീറ്റിങ്ങാണ് (ഉരുക്കുപാളി ഉപയോഗിച്ചു കമാനാകൃതിയിൽ നടത്തുന്ന കോൺക്രീറ്റിങ്) നിലവിൽ പുരോഗമിക്കുന്നത്. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിൽ 400 മീറ്റർ ഭാഗത്തു മുകൾവശം കോൺക്രീറ്റിങ് നടത്തിയിരുന്നില്ല. കോൺക്രീറ്റിങ് ആവശ്യമില്ലെന്ന നിലപാടിലായിരുന്നു നിർമാണ കമ്പനി. എന്നാൽ ദേശീയപാത അതോറിറ്റിയും വിദഗ്‌ധ പരിശോധനാസംഘങ്ങളും പൂർണമായും ഗാൻട്രി കോൺക്രീറ്റിങ് വേണമെന്നു റിപ്പോർട്ട് നൽകിയതോടെ ഈ ഭാഗത്ത് കോൺക്രീറ്റിങ് തുടങ്ങി.
തുരങ്കത്തിനുള്ളിൽ വാഹനങ്ങൾ ഏതാനും മിനിറ്റ് നിർത്തേണ്ടിവന്നാൽ യാത്രക്കാർക്കു ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. ഇരുവശത്തേക്കും ഗതാഗതമുള്ളതിനാൽ സാവധാനമേ സഞ്ചരിക്കാനുമാകൂ. ബസുകളിലും ഇരുചക്ര വാഹനങ്ങളിലും മറ്റു തുറന്ന വാഹനങ്ങളിലും യാത്ര ചെയ്യുന്നവർക്കാണ് ഏറെ പ്രയാസം. വൻ തുക ടോൾ കൊടുത്തു യാത്ര ചെയ്യുന്ന പാതയിലാണ് ഈ ദുർഗതി. 3 മാസത്തിനകം പണി പൂർത്തിക്കുമെന്ന് അറിയിച്ച് ജനുവരി 8ന് അടച്ച തുരങ്കം 4 മാസമായിട്ടും തുറക്കാനായിട്ടില്ല. അടുത്തമാസം സ്കൂൾ തുറക്കുന്നതോടെ യാത്രാദുരിതവും ഗതാഗതക്കുരുക്കും വർധിച്ച് പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ആശങ്ക.