‘മറിഞ്ഞുവീണിട്ടും തകർന്നില്ല; ബോർഡിനല്ല പ്രശ്നം അടിത്തറയ്ക്ക്’; മുംബൈയിൽ ‘പരസ്യവിവാദം’ തുടരുന്നു
Mail This Article
മുംബൈ ∙ ഘാട്കോപറിൽ തകർന്നുവീണ പരസ്യബോർഡിനെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോർഡ്, ഘടനാപരമായി ബലമുള്ളതായിരുന്നെന്നാണ് റിപ്പോർട്ട്. ശരിയായ അടിത്തറ ഇല്ലാത്തതുമൂലമാണ് ശക്തമായ കാറ്റിൽ ബോർഡ് നിലം പതിച്ചതെന്നു ബിഎംസിയുടെ സ്ട്രക്ചറൽ എൻജിനീയർ വ്യക്തമാക്കി.
കാറ്റിൽ മറിഞ്ഞുവീണിട്ടും പരസ്യബോർഡ് തകരാതിരുന്നത് ബലത്തിന്റെ തെളിവാണ്. പരസ്പരമുള്ള പഴിചാരൽ നിർത്തി യാഥാർഥ്യം അംഗീകരിക്കണമെന്നും അതൊരു അപകടം തന്നെയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അനുവദിച്ചിട്ടുള്ള അളവിൽ കൂടുതൽ വലുപ്പമുള്ള ബോർഡ് സ്ഥാപിച്ചതാണ് അപകടകാരണമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. 16 പേർ മരിക്കുകയും 70ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ, ബോർഡ് സ്ഥാപിച്ച പരസ്യക്കമ്പനി ഉടമ ഭാവേഷ് ഭിൻഡെയെ അറസ്റ്റു ചെയ്തിരുന്നു.
ഇഗോ മീഡിയ നഗരത്തിൽ സ്ഥാപിച്ച അനധികൃത പരസ്യബോർഡുകൾ നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ദാദർ തിലക് പാലത്തോടു ചേർന്നു സ്ഥാപിച്ച് 8 ബോർഡുകൾ നീക്കിത്തുടങ്ങി. 2 ദിവസത്തിനുള്ളിൽ പൂർണമായും പൊളിച്ചുനീക്കും. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ, പരസ്യബോർഡുകൾ എന്നിവ പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അടിത്തറ ശക്തമാണോയെന്നും ബോർഡിനു ബലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പഴക്കമുള്ള കെട്ടിടങ്ങൾക്കു നോട്ടിസും നൽകും.