ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിന് സവിശേഷാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ 2019ലെ നടപടി ശരിവച്ചതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി വിധിയിൽ പിഴവില്ലെന്നും പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ജഡ്ജിമാരുടെ ചേംബറിലാണ് ഹർജി പരിഗണിച്ചത്.

ജമ്മു കശ്മീരിന് ഭരണഘടനാപരമായി ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി നേരത്തെ ശരിവച്ചിരുന്നു. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകണമെന്നും നിയമസഭയിലേക്ക് തിരഞ്ഞെടുപ്പു നടത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് നിർദേശിക്കുകയും ചെയ്തിരുന്നു.

ഭരണഘടനയുടെ 370–ാം വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി രാഷ്ട്രപതിയുടെ ഉത്തരവിലൂടെ 2019 ഓഗസ്റ്റ് 5നാണ് ഇല്ലാതാക്കിയത്. ഇത് അംഗീകരിച്ച പാർലമെന്റ്, സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്ര ഭരണപ്രദേശങ്ങളാക്കാനുള്ള ബില്ലും പാസാക്കി. 

മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ആഭ്യന്തര പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും 370–ാം വകുപ്പു താൽക്കാലിക സ്വഭാവമുള്ളതാണെന്നും അന്ന് കോടതി വിശദീകരിച്ചിരുന്നു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകാനും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും കോടതി ശരിവച്ചിരുന്നു. ഭരണഘടനയിലെ മൂന്നാം വകുപ്പനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തിന്റെ പദവി പൂർണമായി ഇല്ലാതാക്കാൻ പാർലമെന്റിനു സാധിക്കുമോയെന്ന ചോദ്യം തീർപ്പാക്കാൻ കോടതി തയാറായിരുന്നില്ല. 

English Summary:

Supreme Court rejected Petitions to Review Article 370 Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com