യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി; ഭീകരത വെളിവാക്കി വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ – വിഡിയോ
Mail This Article
‘പെട്ടെന്നാണ് വിമാനം കുലുങ്ങാൻ തുടങ്ങിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപേ വിമാനം വളരെ പെട്ടെന്നു താഴ്ന്നു. അതിവേഗത്തിലുള്ള ആ ചലനത്തിൽ സീറ്റിൽ ഇരുന്ന പലരും സീലിങ്ങിൽ ചെന്നിടിച്ചു. പലരുടെയും തല മുകളിലെ ബാഗേജ് കാബിനിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ അത് വളഞ്ഞുപോയി’’ – ആകാശച്ചുഴിയിൽ പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇരുപത്തിയെട്ടുകാരൻ സാഫ്രൻ അസ്മിർ മരണത്തെ മുഖാമുഖം കണ്ട നിമിഷം ഓർത്തെടുക്കുന്നത് ഇങ്ങനെ.
രക്ഷപ്പെട്ടെന്ന അവിശ്വനീയതയും പകപ്പും അസ്മിറിനെ ഇനിയും വിട്ടുപോയിട്ടില്ല. ആകാശച്ചുഴിയിൽ പെട്ട് വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരുൾപ്പടെയാണ് ചിതറിത്തെറിച്ചത്. അപകടത്തിനു പിന്നാലെ 73കാരനായ ബ്രിട്ടീഷ് പൗരൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. 31 പേർക്ക് പരുക്കേറ്റു. അപകടത്തിന്റെ ഭീകരത വെളിവാക്കുന്ന, വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
‘‘വായുവിലൂടെ സാധനങ്ങളെല്ലാം പറന്നുനടക്കുന്നതാണ് എനിക്കിപ്പോഴും ഓർക്കാൻ കഴിയുന്നത്. ചുറ്റിലുംനിന്ന് നിലവിളികൾ ഉയരുന്നുണ്ട്. എന്തൊക്കെയോ ശബ്ദങ്ങളും’’ – മറ്റൊരു യാത്രക്കാരനായ ആൻഡ്രൂ ഡേവിസ് വിശദീകരിച്ചു.
വിമാനത്തിന്റെ അകത്തുനിന്നുള്ള ചിത്രങ്ങൾ ആരേയും ഞെട്ടിക്കുന്നതാണ്. ഭക്ഷണവസ്തുക്കളും മാസികകളും വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും ചിതറിക്കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ ഇന്റീരിയറും ഓക്സിജൻ മാസ്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. ചോരയൊലിപ്പിച്ചിരിക്കുന്ന എയർഹോസ്റ്റസ്, ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ പകച്ചിരിക്കുന്ന യാത്രക്കാർ തുടങ്ങിയ ദൃശ്യങ്ങൾ വേറെയുമുണ്ട്.
ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച സിംഗപ്പൂർ എയർലൈൻസിന്റെ ബോയിങ് 777–300ഇആർ വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ചയിലേക്ക് താഴ്ന്നു. 211 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവർക്കു പുറമേ 18 വിമാന ജീവനക്കാരും. ഒന്നിച്ചൊരു നിലവിളിയാണ് ആദ്യമുയർന്നത്. തുടർന്ന് പൈലറ്റ് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചു. ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും ചെയ്തു.
പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ അപ്പോഴേക്കും തായ് അധികൃതർ ആംബുലൻസ് സൗകര്യം ഒരുക്കിയിരുന്നു. പരുക്കേറ്റവരെ താമസിയാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എയർലൈൻ അധികൃതർ അറിയിച്ചു. മറ്റു യാത്രക്കാരും വിമാന ജീവനക്കാരും നിരീക്ഷണത്തിലാണ്.