നാശംവിതച്ച് സംസ്ഥാനത്താകെ അതിതീവ്ര മഴ; കൊച്ചിയിൽ വെള്ളക്കെട്ട്, പലയിടത്തും ഗതാഗതക്കുരുക്ക്
Mail This Article
തിരുവനന്തപുരം∙ തെക്കൻ - മധ്യ കേരളത്തിൽ കനത്ത മഴ നിർത്താതെ പെയ്യുന്നു. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടും ഗതാഗതകുരുക്കും ഉണ്ടായി. ആലപ്പുഴ തുറവൂരിൽ ദേശീയപാതയിലേക്ക് വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു.
∙ കൊച്ചിയിൽ കനത്ത മഴ
എറണാകുളം ജില്ലയിൽ മണിക്കുറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിലായി. മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായി. വൈറ്റില, കുണ്ടന്നൂർ,ദേശീയപാത, ഇടപ്പള്ളി, എസ്ആർഎം റോഡ്, ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, ഇൻഫോപാർക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എംജി റോഡ്, കടവന്ത്ര സൌത്ത്, ചിറ്റൂർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. മഴവെള്ളം ഒഴുകിപ്പോകാൻ സാഹചര്യമില്ലാത്തതിനെ തുടർന്നാണിത്. മിക്ക റോഡുകളിലും മുട്ടൊപ്പം വെള്ളമാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിലും വെള്ളം കയറി. കളമശേരി മൂലേപാടത്തെ ഒട്ടേറെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടതിനൊപ്പം കനത്ത ട്രാഫിക് കുരുക്കും നഗരത്തിലുണ്ട്.
കൊച്ചി നഗരത്തിൽ ഓപ്പറേഷൻ ബ്രേക് ത്രൂ എന്ന പേരിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികൾ കോർപറേഷനും സംസ്ഥാന സർക്കാരുമൊക്കെ ചേർന്നു നടത്തിയെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല എന്നതാണ് ഇത്തവണത്തെ സാഹചര്യം സൂചിപ്പിക്കുന്നത്. മഴക്കാലപൂർവ ശുചീകരണം പേരിനു മാത്രം നടത്തിയതാണ് മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു സാഹചര്യം രൂപപ്പെടാൻ കാരണമായത് എന്ന പരാതിയും ഉയരുന്നുണ്ട്.ഏതാനും മണിക്കൂറുകൾ മാത്രം മഴ പെയ്തപ്പോൾ നഗരം വെള്ളത്തിലായ സാഹചര്യത്തിൽ മൺസൂൺ ആരംഭിക്കുന്നതോടെ എന്താകും സ്ഥിതി എന്ന ആശങ്കയും ഉയരുന്നുണ്ട്. കാനകളിൽ നിന്നുള്ള അഴുക്കുജലമാണ് നഗരത്തിലൂടെ ഒഴുകുന്നത്. ഇത് വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
∙ തൃശൂർ
തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. നഗര ഹൃദയമായ സ്വരാജ് റൗണ്ട് വെള്ളത്തിലാണ്. പാട്ടുരായ്ക്കലും ജൂബിലി മിഷൻ ആശുപത്രി റോഡിലും അശ്വനി ഹോസ്പിറ്റലിലും വെള്ളം കയറി. ഇതിനിടെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. ശക്തൻ ബസ് സ്റ്റാന്റിലും വടക്കേ ബസ് സ്റ്റാന്റിലും വെള്ളം കയറിയതോടെ വീട്ടിലെക്കാനോടുന്ന സ്ത്രീകളടക്കമുള്ള നൂറുകണക്കിനു പേർ കുടുങ്ങി. വെള്ളത്തിലായി. ബസ് സ്റ്റാന്റിൽനിന്നു ബസുകൾക്കു പുറത്തു പോകാനാത്ത അവസ്ഥയായി.
വെളിയന്നൂർ, ചെട്ടിയങ്ങാടി, പൂത്തോൾ,കൂർക്കഞ്ചേരി റോഡ്, കൊക്കാല, മുണ്ടുപാലം,ബാല്യ ജംക്ഷൻ, പൂങ്കുന്നം, പെരിങ്ങാവ്, പൂത്തോൾ ജംക്ഷൻ, പൂങ്കുന്നം, പാട്ടുരായ്ക്കൽ, ദിവാൻജിമൂല തുടങ്ങിയ പ്രദേശമെല്ലാം വെള്ളത്തിലാണ്. ഫ്ലാറ്റിനും മറ്റുമായി കുഴിച്ച കുഴികളിൽ വെള്ളം നിറഞ്ഞതു പലയിടത്തും ഭീതി ഉയർത്തിയിട്ടുണ്ട്. കാനങ്ങൾ നിറഞ്ഞു വെള്ളം ഇവിടേക്കു കുത്തിയൊഴുകുകയായിരുന്നു. ഗിരിജ തിയറ്റർ പരിസരത്തെ തോട്, പെരിങ്ങാവ് തോട്,എംഎൽഎ റോഡ്, കുണ്ടുവാറ തോട്,നല്ലങ്കര തോട് എന്നിവയെല്ലാം വെള്ളത്തിലാണ്.
ജനം പല തവണ ആവശ്യപ്പെട്ടിട്ടും കാന പൊളിക്കാത്ത കിഴക്കുംപാട്ടുകര കോരത് ലെയ്നിലെ വീടുകളിലേക്കു വെള്ളം കയറി. പാട്ടുരായ്ക്കലിൽ കടകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചെത്തി. കോർപറേഷൻ കമ്മിഷണർ താമസിക്കുന്ന വടക്കേബസ് സ്റ്റാന്റിനു സമീപത്തെ റോഡും മുങ്ങി. കേരള വർമ കോളജ് ബസ്റ്റോപ്പിനടുത്തു ശങ്കരയ്യ റോഡിലെ വീടുകളിലേക്കു വെള്ളം കയറിയതോടെ ജനം മുകളിലത്തെ നിലയിലേക്കു മാറി.റൗണ്ടിൽ കൊച്ചിൻ ദേവസ്വം ബോർഡ് കെട്ടിടത്തിലേക്കു വെള്ളം സ്വരാജ് റൗണ്ടിൽനിന്നു കുത്തിയൊഴുകിയതോടെ കടകൾ മുങ്ങി.
∙ കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ കനത്ത മഴ. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ മഴ മണിക്കൂറുകളോളം തുടർന്നു. കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിലായി. നാദാപുരം തൂണേരിയിൽ ഫാമിലി സൂപ്പർമാർക്കറ്റിന്റെ മതിൽ ഇടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. ഗതഗാതം തടസ്സപ്പെട്ടു. മുക്കത്തും കനത്ത മഴയാണ് പെയ്തത്. കൊടിയത്തൂർ പഞ്ചായത്തിൽ റോഡുകളും വീടുകളും വെള്ളത്തിലായി.
പന്തീരാങ്കാവിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ചു. മണക്കടവ് മുതുവനത്തറ പുത്തലത്ത് ഇന്ദ്രധനുസിൽ തൊട്ടിയിൽ ജനാർദനന്റെ വീടിനാണ് തീപിടിച്ചത്. മിന്നലിൽ വീടിലെ വയറിങ് കത്തിയാണ് തീ പടർന്നത്. പ്രധാന രേഖകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. മീഞ്ചന്ത അഗ്നി സംരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
ബാലുശ്ശേരിയിലും അത്തോളിയിലും കനത്ത മഴയെത്തുടർന്ന് കടകളിലും വീടുകളിലും വെള്ളം കയറി. എഴുകുളത്ത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
∙ കോട്ടയം
റെഡ് അലർട്ട് തുടരുന്ന കോട്ടയം ജില്ലയിൽ വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. കോട്ടയം എസ്എച്ച് മൗണ്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞിഴൂർ- കാട്ടാമ്പാക്ക് റോഡ് വലിയ തോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നും കടുത്തുരുത്തി - തോട്ടുവ റോഡിൽ മൂർത്തിക്കൽ ഭാഗത്തും പിറവം റോഡിൽ കൈലാസപുരം ഭാഗത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈകിട്ട് പെയ്ത കനത്ത മഴയിൽ വടയാർ പാലത്തിനു സമീപം തണൽ മരം റോഡിലേക്ക് കടപുഴകി വീണ് വൈക്കം-തലയോലപ്പറമ്പ് റോഡിലൂടെയുള്ള ഗതാഗതം 45 മിനിറ്റോളം തടസ്സപ്പെട്ടു. വൈക്കത്തുനിന്നും അഗ്നിരക്ഷാസേന എത്തി മരം പൂർണമായി മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
∙ ആലപ്പുഴ
മഴ ശക്തമാകുന്ന ആലപ്പുഴയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയിൽ ദേശീയപാതയിൽ പാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറി. അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാത നടക്കുന്ന സ്ഥലങ്ങളിൽ ചന്തിരൂർ, എരമല്ലൂർ, കൊച്ചുവെളിക്കവല എരമല്ലൂർ പിള്ളമുക്ക് ചന്തിരൂർ പാലത്തിന് സമീപം, അരൂർ ക്ഷേത്രം കവല, അരൂർ പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് ഒരടിയോളം ഉയരത്തിൽ പാതയിൽ പെയ്ത്ത്തുവെള്ളം നിറഞ്ഞത്. ഇരുചക്രവാഹനങ്ങൾ വെള്ളം നിറഞ്ഞ് നിൽക്കുന്ന കുഴികളിൽ അകപ്പെട്ടതോടെ ഗതാഗത കുരുക്കുമുണ്ടായി. കാൽ നടയാത്രികർക്ക് റോഡ് മുറിച്ചുകടക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. തുറവൂർ ജംക്ഷന് തെക്കു ഭാഗത്തുള്ള ടയർകടയിലെ താഴത്തെ നിലയിൽ പകുതിയോളം വെള്ളം കയറി അപകടം ഉണ്ടാകാതിരിക്കാൻ കുത്തിയതോട് വൈദ്യുതി സെക്ഷനിൽ നിന്നുള്ള ജീവനക്കാരെത്തി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അരൂർ ക്ഷേത്ര ജംക്ഷനും, കുത്തിയതോട് പാലത്തിന് സമീപമുള്ള 3 വീടുകളും വെള്ളക്കെട്ടിലാണ്.
∙ പത്തനംതിട്ട
പമ്പാ ജലസേചന പദ്ധതിയുടെ മണിയാർ ബാരേജിന്റെ സ്പിൽവേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപണികൾ ആവശ്യമായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് നാളെ മുതൽ പ്രവൃത്തി തീരുന്നതുവരെ ഷട്ടറുകൾ പൂർണതോതിൽ ഉയർത്തും. ഇതുമൂലം കക്കാട്ടാറിൽ ഒരു മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. നിരന്തരമായി പെയ്ത കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ മൂന്നു പേർ മരിച്ചു. പള്ളിക്കൽ പഴങ്കുളം സ്വദേശി മണിയമ്മാൾ (76), പെരിങ്ങനാട് അട്ടക്കോട് സ്വദേശി ഗോവിന്ദൻ (63), ബീഹാർ സ്വദേശി നരേഷ് (25) എന്നിവരാണ് മരിച്ചത്.