ഒരാഴ്ചത്തെ മഴ ഒറ്റദിവസം; ഏതുനിമിഷവും പ്രളയം: ന്യൂനമർദം കാലവർഷത്തെ ബാധിക്കില്ല
Mail This Article
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് –ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദം രൂപപ്പെട്ടിരിക്കുകയാണ്. ഇത് കാലവർഷത്തിനു അനുകൂലമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ്. ഭൂമധ്യരേഖ കടന്ന് മൺസൂൺ കേരളത്തിലെത്തുകയും പതിയെ വടക്കോട്ടേക്ക് നീങ്ങുകയും ചെയ്യും. ഇങ്ങനെ വടക്കുനോക്കിയുള്ള പ്രയാണത്തിന് സഹായകമാകുന്ന രീതിയിലാണ് ഇപ്പോൾ ന്യൂനമർദമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വരുംദിവസങ്ങളിലെ മഴയെക്കുറിച്ചും കാലാവസ്ഥയെ കുറിച്ചും ഡോ. എം.ജി. മനോജ് ‘മനോരമ ഓൺലൈനോ’ട് സംസാരിക്കുന്നു.
കാലവർഷം ശക്തം
‘അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ഇവ രണ്ടും കാലവർഷത്തെ ശക്തിപ്പെടുത്തുന്നതാണ്. സാധാരണ ചക്രവാതചുഴിയെന്ന് (Cyclonic Circulation) പറയുന്നത് അന്തരീക്ഷത്തിന്റെ 2–3 കിലോമീറ്റർ മേൽത്തട്ടിലായി വായു കറങ്ങുന്നതിനെയാണ്. ഇത് എതിർ ഘടികാരദിശയിലായിരിക്കും കറങ്ങുക (Anti clockwise). ചക്രവാതച്ചുഴി ഉത്തരാർധഗോളത്തിലാണെങ്കിൽ എതിർഘടികാര ദിശയിലും ദക്ഷിണാർധഗോളത്തിലാണെങ്കില്‍ ഘടികാര ദിശയിലുമായിരിക്കും കറങ്ങുക. ഒട്ടുമിക്ക വൻകരകളും ഉത്തരാർധഗോളത്തിലാണ് ഉൾപ്പെടുന്നത്.
അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറുകയാണെങ്കിൽ കാലവർഷത്തിന്റെ ഗതി മാറുകയും വടക്കോട്ടേക്ക് നീങ്ങുകയും ചെയ്യും. എന്നാൽ, അങ്ങനെയൊരു സ്ഥിതിവിശേഷം നിലവിൽ ഇല്ല. രണ്ട് ദിവസം കഴിഞ്ഞാൽ ചക്രവാതചുഴിയുടെ ശക്തി കുറഞ്ഞ് ഇല്ലാതാകും.
കൂടുതൽ മഴ
ഇത്തവണ രാജ്യത്ത് മൺസൂൺ ശക്തമാകാനാണ് സാധ്യത. കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. സാധാരണ പ്രതീക്ഷിക്കുന്ന മഴയുടെ ദീർഘകാല ശരാശരിയെയാണ് ക്ലൈമറ്റോളജിക്കൽ ആവറേജ് എന്നുപറയുന്നത്. രാജ്യത്ത് 30 വർഷം അല്ലെങ്കിൽ 50 വർഷത്തിനിടയ്ക്ക് പെയ്യുന്ന മഴയുടെ ശരാശരി കണക്ക് എടുക്കും. ആ ശരാശരിയേക്കാൾ 104 ശതമാനം കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളത്തിന്റെ മാത്രം കണക്കെടുക്കുകയാണെങ്കിൽ ഇതിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം.
പ്രളയസാധ്യത
അതിവർഷമല്ലെങ്കിൽ പോലും പ്രളയമുണ്ടാകാം. ഒരാഴ്ച മുഴുവൻ പെയ്യേണ്ട മഴ ആ ആഴ്ചയിൽ പെയ്യാതെ ഒറ്റദിവസത്തിൽ പെയ്തുതീർത്താൽ മിന്നൽ പ്രളയമുണ്ടാകാം. അതുകൊണ്ട് ആകെ പെയ്ത മഴയുടെ കണക്കല്ല, ആ മഴ എത്രദിവസം കൊണ്ട് എങ്ങനെ പെയ്തു എന്നാശ്രയിച്ചിരിക്കും. കഴിഞ്ഞ വർഷം എൽനിനോയാണെങ്കിൽ ഈ വർഷം ലാനിനോയാണ്. അതിവർഷമായാണ് കണക്കാക്കുന്നത്. മഴ കൂടാനാണ് സാധ്യത. പ്രളയസാധ്യതയുണ്ടോ എന്ന് ചോദിച്ചാൽ ഏതുസമയത്തും സാധ്യതയുണ്ട്. നമ്മൾ പ്രതീക്ഷിക്കുക പോലുമില്ല.
വരൾച്ചയുള്ളപ്പോൾ പോലും ചെറിയ കാലയളവിൽ പ്രളയമുണ്ടായേക്കാം. ഉദാഹരണത്തിന് നമുക്ക് ഒന്നരമാസം കൊണ്ട് 100 സെ.മീ മഴ ലഭിക്കണമെന്നിരിക്കട്ടെ, ആദ്യത്തെ ഒരു മാസം മുഴുവൻ മഴയില്ല. ബാക്കി 15 ദിവസം കൊണ്ട് ഈ 100 സെ.മീ മഴ പെയ്യുകയാണെങ്കിൽ പ്രളയമുണ്ടാകും. അത്രയും ദിവസം വരൾച്ചയിലായിരുന്ന പ്രദേശം വെള്ളപ്പൊക്കത്തിലാകുന്നു.
ലാനിനോ
എൽനിനോയും ലാനിനോയും 2 മുതൽ 7 വർഷത്തെ കാലയളവിൽ ഉണ്ടാകുന്ന ആഗോള പ്രതിഭാസമാണ്. ചിലപ്പോൾ ഒരു വർഷം മാത്രം നിലനിൽക്കാം. അല്ലെങ്കിൽ മൂന്ന് വർഷം വരെ ഇത് നീണ്ടുനിൽക്കാം. 2020, 21, 22 വർഷങ്ങൾ തുടർച്ചയായി ലാനിനോയിരുന്നു. നല്ല മഴ ലഭിച്ച സമയമാണ്. 2016–2017, 2023–24 എന്നീ വർഷങ്ങളിലാണ് എൽനിനോ അനുഭവപ്പെട്ടത്.