ADVERTISEMENT

തിരുവനന്തപുരം∙ മഴ വരുമ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അലർട്ടുകൾ പ്രഖ്യാപിക്കാറുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു എന്നെല്ലാം വാർത്തകളിൽ നിറയും. എന്താണ് റെഡ് അലർട്ട്? എന്തു സാഹചര്യത്തിലാണ് വിവിധ അലർട്ടുകൾ പ്രഖ്യാപിക്കുന്നത്?

നാലു നിറങ്ങളിലുള്ള അലർട്ടുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്നത്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച. മഴ പെയ്യാനുള്ള സാധ്യത, പ്രവചനത്തിലെ മഴയുടെ അളവ്, തീക്ഷ്ണത, പ്രവചനത്തിലെ മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവ പരിശോധിക്കും. അതിനുശേഷമാണ് അലർട്ടുകൾ നൽകുന്നത്. പ്രവചിക്കുന്ന മഴയ്ക്ക് അനുസരിച്ച് ദുരന്ത തയാറെടുപ്പ് നടപടികൾ തീരുമാനിക്കാനാണ് വിവിധ അലർട്ടുകൾ.

ജനങ്ങൾ ജാ​ഗ്രത പാലിക്കണെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് പോകരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. Image Credits: trendobjects/Istockphoto.com
Image Credits: trendobjects/Istockphoto.com

ദുരന്ത നിവാരണ അതോറിറ്റി ഈ അറിയിപ്പുകൾ ചുരുക്കി ചിത്രവും പട്ടികയുമായി പൊതുജനങ്ങൾക്ക് നൽകാറുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർ‌ഗരേഖയിൽ (ഓറഞ്ച് പുസ്തകം) അലർട്ടുകളുടെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചുവപ്പ് ഒഴികെയുള്ള അലർട്ടുകളെ പൊതുവിൽ ഭീതിയോടെ കാണേണ്ടതില്ല. എങ്കിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചാൽ കരുതലും ജാഗ്രതയും വേണം.

∙ റെഡ് അലർട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ  204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണം. ദുരന്തസാധ്യതാ മേഖലയിൽനിന്ന് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാംപുകളിലേക്കോ മാറ്റി താമസിപ്പിക്കണം. മാറി താമസിക്കാൻ തയാറാകാത്തവരെ ആവശ്യമെങ്കിൽ നിർബന്ധമായി മാറ്റി താമസിപ്പിക്കണം. രക്ഷാസേനയെ വിന്യസിക്കുക, ക്യാംപുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാവിധ നടപടിക്രമങ്ങളും റെഡ് അലർട്ട് നൽകിയാൽ പൂർത്തീകരിക്കണം

∙ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

ഓറഞ്ച് അലർട്ടിലൂടെ അതിജാഗ്രതാ മുന്നറിയിപ്പാണ് നൽകുന്നത്. സുരക്ഷാ തയാറെടുപ്പുകൾ തുടങ്ങണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതോ അതിനുവേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. അപകട സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയാറാക്കി നിൽക്കണം. രക്ഷാ സേനകളോട് തയാറെടുക്കാൻ ആവശ്യപ്പെടും. ക്യാംപുകൾ തയാറാക്കണം.

കുളിർമഴ കളർമഴ...  നിലമ്പൂർ നഗരത്തിൽ പെയ്ത മഴയിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ.  ചിത്രം ∙ മനോരമ
ഫയൽ ചിത്രം ∙ മനോരമ

∙ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ‌യെലോ അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

യെലോ അലർട്ടുള്ളപ്പോൾ കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങൾക്ക് അനുസരിച്ച് അപ്ഡേറ്റ് ചെയ്യണം. ഭയപ്പെടേണ്ട സാഹചര്യമില്ല. അപകട സാധ്യത അപ്ഡേറ്റ് ചെയ്യുന്നതിന് അനുസരിച്ച് മുന്നൊരുക്കം നടത്താം.

∙ ഗ്രീൻ അലർട്ട്

ജാഗ്രത പാലിക്കേണ്ട സാഹചര്യമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com