ADVERTISEMENT

കൊൽക്കത്ത∙ ബംഗ്ലദേശ് എംപി അൻവാറുൽ അസീം അനാർ (56) കൊല്ലപ്പെട്ടത് ഹണിട്രാപ്പിലൂടെയാകാമെന്ന നിഗമനത്തിൽ പൊലീസ്. എംപിയുടെ കൊലപാതകികളുമായി പരിചയമുണ്ടെന്നു കരുതുന്ന, അദ്ദേഹത്തെ ഫ്ലാറ്റിലേക്ക് എത്തിച്ച ശിലാസ്തി റഹ്മാൻ എന്ന വനിതയെ ധാക്ക പൊലീസ് ചോദ്യം ചെയ്യുന്നു. 5 കോടി രൂപയുടെ ക്വട്ടേഷൻ നൽകിയാണ് എംപിയെ വധിച്ചതെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൊലപാതകികളുടെ കൂട്ടത്തിലുണ്ടായിരുന്ന ജിഹാദ് ഹവ്‌ലാദറിനെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

‘എംപി ഹണിട്രാപ്പിൽ കുരുങ്ങിയതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഒരു സ്ത്രീയാണ് എംപിയെ വശീകരിച്ച് ഫ്ലാറ്റിലേക്ക് കൊണ്ടുപോയത്. ഫ്ലാറ്റിലെത്തിയ ഉടനെ എംപിയെ കൊലപ്പെടുത്തിയതായാണ് ഞങ്ങൾ സംശയിക്കുന്നത്’–കൊൽക്കത്ത പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

അൻവാറുൽ ഒരു സ്ത്രീയോടൊപ്പം ഫ്ലാറ്റിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ശിലാസ്തി റഹ്മാന്റെ പങ്ക് അന്വേഷിക്കുന്നതിനിടെയാണ് സംഭവത്തിൽ ഉൾപ്പെട്ട ജിഹാദ് ഹവ്‌ലാദറിനെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. 4 ബംഗ്ലദേശി പൗരൻമാർക്ക് കൊലപാതകത്തിൽ പങ്കുള്ളതായാണ് ഇയാൾ പൊലീസിനു നൽകിയ വിവരം. യുഎസിൽ താമസിക്കുന്ന ബംഗ്ലദേശ് പൗരനായ അക്തറുസ്മാനാണ് കൊലപാതകത്തിന്റെ ആസൂത്രകനെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. യുഎസിൽ താമസിക്കുന്ന അക്തറുസ്മാന് ശിലാസ്തി റഹ്മാനെ പരിചയമുണ്ടായിരുന്നു. കൊലപാതകികൾക്ക് അക്തറുസ്മാൻ 5 കോടിരൂപ നൽകിയതായും പൊലീസിനു വിവരം ലഭിച്ചു. അക്തറുസ്മാൻ യുഎസിലാണെന്നാണ് പൊലീസ് കരുതുന്നത്. അക്തറുസ്മാന്റെ സുഹൃത്തിന് വാടകയ്ക്ക് നൽകിയ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.

താനും സംഘത്തിലുള്ളവരും അൻവാറുലിനെ കൊലപ്പെടുത്തിയശേഷം ശരീരത്തിലെ തൊലി നീക്കി മാംസം ചെറിയ കഷ്ണങ്ങളായി മുറിച്ചതായി ജിഹാദ് ഹവ്‌ലാദർ പൊലീസിനോട് പറഞ്ഞു. എല്ലുകൾ കഷ്ണങ്ങളാക്കി. പ്ലാസ്റ്റിക് ബാഗുകളിൽ ഇവ നിറച്ച് കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും വലിയ ബാഗുമായി ഫ്ലാറ്റിന് വെളിയിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ചികിൽസയ്ക്കായി ഈ മാസം 12നാണ് അൻവാറുൽ അസീം അനാർ കൊൽക്കത്തയിലെത്തിയത്. 13ന് ഡോക്ടറെ കാണാൻ പോയശേഷം എംപിയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. അവാമി ലീഗ് എംപിയാണ് അനാർ. സുഹൃത്തിന്റെ വീട്ടിലാണ് ആദ്യ ദിവസം താമസിച്ചത്. പിറ്റേന്നാണ് അമേരിക്കൻ പൗരന്റെ സുഹൃത്ത് വാടകയ്ക്കെടുത്ത ഫ്ലാറ്റിലേക്ക് പോയത്.

English Summary:

Bangladesh MP Was Honey-Trapped, ₹ 5 Crore Paid For His Gory Murder: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com