നിയമസഭാസമ്മേളനം ജൂൺ 10 മുതൽ; കെ ഫോൺ ലിമിറ്റഡിന് വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി
Mail This Article
തിരുവനന്തപുരം ∙ പതിനഞ്ചാം കേരള നിയമസഭയുടെ 11–ാം സമ്മേളനം ജൂൺ 10 മുതൽ ചേരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് ശുപാർശ നൽകാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിനും യോഗം അംഗീകാരം നൽകി.
2025-ലെ പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്തി, പരിഗണിച്ച് അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി രൂപീകരിക്കുമെന്നും യോഗം അറിയിച്ചു. മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി ഡോ. വി.വേണു സെക്രട്ടറിയുമായിരിക്കും. മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്‌ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കെ.ബി.ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് സമിതി അംഗങ്ങൾ.
കെ ഫോണ്‍ ലിമിറ്റഡിന് വായിപയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. പ്രവര്‍ത്തന മുലധനമായി 25 കോടി രൂപ അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ ബാങ്കിന്‍റെ തിരുവനന്തപുരത്തുള്ള മെയിന്‍ ബ്രാഞ്ചില്‍ നിന്നും വായ്പയെടുക്കാനാണ് ഗ്യാരണ്ടി നല്‍കുക. ഗ്യാരണ്ടി കരാറില്‍ ഏര്‍പ്പെടാന്‍ ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ട്രാക്ട് എഗ്രിമെന്‍റ് എക്സിക്യൂട്ട് ചെയ്യുന്നതിന് 28,11,61,227 രൂപയുടെ സര്‍ക്കാര്‍ ഗ്യരണ്ടി നല്‍കും.