ADVERTISEMENT

ഇടുക്കി ∙ ബാർ‌കോഴ ആരോപണം വിവദമായിരിക്കെ, വിഷയം ഗൗരവമുള്ളതാണെന്ന മുന്നറിയിപ്പുമായി എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ.കെ.ശിവരാമൻ. ‘‘എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും, ഈ പണം എവിടേക്കാണ് പോകുന്നത്? പണമുണ്ടെങ്കിൽ സർക്കാരിനെ സ്വാധീനിക്കാൻ കഴിയുമെന്നു പറയുന്നത് ഗൗരവമുള്ള കാര്യമാണ്. ഇതു സംബന്ധിച്ച് അടിയന്തര പരിശോധന വേണം. കള്ളക്കഥയാണോ ഇതെന്ന് തിരിച്ചറിയണം. വെളിപ്പെടുത്തലിനെ കുറിച്ച് സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തണമെന്നും കെ.കെ.ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

  • Also Read

ബാറുടമകൾ വിചാരിച്ചാൽ സംസ്ഥാന സർക്കാർ വഴങ്ങിക്കൊടുക്കും എന്ന ധാരണയുണ്ടാകുന്നത് ശരിയല്ലെന്ന് ശിവരാമൻ പിന്നീട് മാധ്യമങ്ങളോടും പ്രതികരിച്ചു. ഇങ്ങനെ ധാരണ ഉണ്ടാക്കാനുള്ള ആസൂത്രിത ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഗൂഢാലോചന നടത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. ബാർകോഴ വിവാദം സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ്. സർക്കാർ ചർച്ച ചെയ്യാത്ത കാര്യത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം

ഇന്നു രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവമുള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവു വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റേതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്. നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക്? കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ്. ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത്? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്. ഇതു സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിനു വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം. സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ്. അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയാറാവണം.

English Summary:

Idukki CPI Leader Demands Inquiry into Bar bribery Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com