ബെംഗളൂരു കഫെ സ്‌ഫോടനം: ഒരാളെ കൂടി പിടികൂടി എൻഐഎ; ആകെ അറസ്റ്റിലായവർ അഞ്ചായി
Mail This Article
ബെംഗളൂരു ∙ രാമേശ്വരം കഫെ സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 2018ൽ ലഷ്കറെ തയിബയുടെ ഭീകരവാദപ്രവർത്തനത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ഷോയ്ബ് അഹമ്മദ് മിർസ (ചോട്ടു– 35) ആണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കർണാടകയിലെ ഹുബ്ബാലി സ്വദേശിയായ മിർസയെ നാല് സംസ്ഥാനങ്ങളിലായി മൂന്നു ദിവത്തിലേറെ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.
മുൻപ് ലഷ്‌കറെ ബെംഗളൂരു ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ട മിർസ, ജയിൽ മോചിതനായ ശേഷമാണ് കഫെ സ്ഫോടവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തതെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. സ്‌ഫോടനം നടന്ന് 40 ദിവസത്തിന് ശേഷം മുഖ്യപ്രതികളായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മത്തീൻ അഹമ്മദ് താഹ എന്നിവർ ബംഗാളിൽ നിന്ന് പിടിയിലായിരുന്നു. കേസിലെ മുഖ്യ ആസൂത്രകൻ അബ്ദുൽ മത്തീൻ താഹയാണെന്നാണ് വിവരം.
മാർച്ച് ഒന്നിന് ബ്രൂക്ഫീൽഡിലെ രാമേശ്വരം കഫെയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 10 പേർക്കു പരുക്കേറ്റിരുന്നു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് ആദ്യം സംശയിച്ചെങ്കിലും, ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിന്നീട് കണ്ടെത്തി.