ADVERTISEMENT

മുംബൈ∙ ബംഗ്ലദേശ് എംപി അൻവറുൽ അസിം അനാർ കൊൽക്കത്തയിൽ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് ഖുൽന ജില്ലയിലെ ബരക്പുർ സ്വദേശിയായ വാടകക്കൊലയാളിയാണ് അറസ്റ്റിലായതെന്ന് സിഐഡി വൃത്തങ്ങൾ പറഞ്ഞു. മുംബൈയിൽ അനധികൃതമായി താമസിച്ചു വരികയായിരുന്നു ഇയാൾ. അതിനിടെ, അൻവറുലിന്റെ കൊലയാളികളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി മകൾ മുംതാറിൻ ഫെർദോസ് ഡോറിൻ രംഗത്തെത്തി.

അൻവറുലിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നു കരുതുന്ന ബംഗ്ലദേശ് വംശജനായ യുഎസ് പൗരൻ അക്തറുസ്മാന്റെ നിർദേശപ്രകാരമാണ് ഇയാൾ രണ്ടു മാസം മുൻപ് കൊൽക്കത്തയിൽനിന്ന് മുംബൈയിലെത്തിയത്. കൊൽക്കത്ത വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. അൻവറുലിനെ വധിക്കാൻ 5 കോടി രൂപയുടെ ക്വട്ടേഷനാണ് അക്തറുസ്മാൻ കൊലയാളികൾക്ക് നൽകിയത്. ഇതിന്റെ ഒരു വിഹിതം അറസ്റ്റിലായ കൊലയാളിക്ക് കൈമാറിയിരുന്നതായും സിഐഡി അറിയിച്ചു. 

കൊൽക്കത്തയിലെ ന്യൂ ടൗൺ ഏരിയയിലെ ഫ്ലാറ്റിലാണ് അൻവറുലിനെ അവസാനമായി കാണുന്നത്. ഉടമയായ എക്സൈസ് ഉദ്യോഗസ്ഥൻ അക്തറുസ്മാന് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ഹണി ട്രാപ്പിൽ കുടുക്കിയാണ് എംപിയെ  ഫ്ലാറ്റിലെത്തിച്ചതെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

ഈ ഫ്ലാറ്റിൽനിന്ന് ഒരു സ്ത്രീയും 2 പുരുഷന്മാരും 2 വലിയ പെട്ടികളുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്‌. കൊല്ലപ്പെട്ട എംപിയുടെ അടുത്ത സുഹൃത്തായിരുന്നു അക്തറുസ്മാൻ. ഇവർ ചേർന്ന് സ്വർണക്കടത്ത് നടത്തിയിരുന്നതായി ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അവാമി ലീഗ് പാർട്ടിയംഗമാണ് കൊല്ലപ്പെട്ട അൻവറുൽ അസിം അനാർ. മേയ് 13 മുതലാണ് കൊൽക്കത്തയിൽനിന്ന് അൻവറുലിനെ കാണാതായതെന്നും ഇദ്ദേഹം കൊല്ലപ്പെട്ടുവെന്നും ബംഗ്ലദേശ് ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ അറിയിച്ചു. മേയ് 12നാണ് ചികിത്സയ്ക്കെന്നു പറഞ്ഞ് അൻവറുൽ അസിം ഇന്ത്യയിലെത്തുന്നത്. എന്നാൽ അൻവറുലിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ശരീരം പല കഷണങ്ങളാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.

English Summary:

Police suspect Bangladesh MP 'honey-trapped' before 'murder' by contract killers, one detained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com