പുലിമുട്ട് നിർമാണം പൂർണം; ചൈനയിൽനിന്ന് 31 ക്രെയിനുകൾ എത്തി : വിഴിഞ്ഞത്ത് ആദ്യ വാണിജ്യ കപ്പൽ സെപ്റ്റംബറിൽ
Mail This Article
തിരുവനന്തപുരം ∙ രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാന്‍സ്ഷിപ്മെന്റ് തുറമുഖം എന്നു വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം സെപ്റ്റംബറില്‍ വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ, നിർമാണജോലികൾ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍. ആദ്യഘട്ട ബ്രേക്ക്വാട്ടര്‍ (പുലിമുട്ട്) നിര്‍മാണം പൂര്‍ണമായെന്നും ചൈനയില്‍നിന്നു വരേണ്ട 32 ക്രെയിനുകളില്‍ 31 എണ്ണം വന്നുവെന്നും തുറമുഖ മന്ത്രി വി.എന്‍.വാസവന് പറഞ്ഞു. ജൂണ്‍ അവസാനത്തോടെ ട്രയല്‍റണ്‍ നടത്തും. അദാനി ഗ്രൂപ്പിനുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. റെയില്‍ കണക്ടിവിറ്റി സുഗമമാക്കാന്‍ കൊങ്കണ്‍ റെയില്‍വേയുമായി ചര്‍ച്ച നടത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റോഡ് കണക്ടിവിറ്റിക്ക് ദേശീയപാതാ അതോറിറ്റിയുമായി ധാരണയായെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതി നേടുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ബ്രേക്ക്വാട്ടര്‍ (പുലിമുട്ട്), ബെര്‍ത്ത്, യാര്‍ഡ് എന്നിവയുടെ വിപുലപ്പെടുത്തല്‍ ഉള്‍പ്പെടെയാണിത്. പാരിസ്ഥിതിക അനുമതി ലഭിച്ചാല്‍ മാത്രമേ 9,540 കോടി രൂപ ചെലവു വരുന്ന ഈ ഘട്ടവുമായി മുന്നോട്ടുപോകാന്‍ അദാനി ഗ്രൂപ്പിന് കഴിയൂ. 8 വലിയ ട്രെയിനുകള്‍ ഉള്‍പ്പെടെ 31 ക്രെയിനുകളും സ്ഥാപിക്കുകയും പുലിമുട്ട് നിര്‍മാണം അവസാനഘട്ടത്തിലെത്തുകയും ചെയ്തതോടെ അടുത്ത മാസം ട്രയല്‍ റണ്‍ നടത്താനാണ് പദ്ധതി. ആദ്യ വാണിജ്യ കപ്പല്‍ സെപ്റ്റംബറില്‍ തുറമുഖത്ത് എത്തുമെന്നാണു കരുതുന്നത്.
രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതി നേടുന്നതിന്റെ ഭാഗമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജൂണ്‍ 19-ന് വിഴിഞ്ഞത്ത് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ച് പൊതുജനാഭിപ്രായം തേടും. കോട്ടുകല്‍, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുള്ളവരെയാണ് ഹിയറിങ്ങിനു ക്ഷണിക്കുക. വിഴിഞ്ഞത്തിനു സമീപം കല്ലുവെട്ടുകുഴിയിലെ ഹാളിലാണ് ഹിയറിങ്. മലിനീകരണം സംബന്ധിച്ചും മണ്ണ്, ശബ്ദം, വെള്ളം എന്നിവ ഉള്‍പ്പെടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ചു നാട്ടുകാര്‍ക്ക് അഭിപ്രായം രേഖാമൂലം അറിയിക്കാം. തുടര്‍ന്ന് ഹിയറിങ്ങിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കേന്ദ്രത്തിനു സമര്‍പ്പിക്കും.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും രണ്ടും മൂന്നും ഘട്ട നിര്‍മാണത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചു പഠനം നടത്തുന്നുണ്ട്. അടുത്ത ഘട്ട നിര്‍മാണത്തിനു പാരിസ്ഥിതികാനുമതി നല്കുന്നതിനു മുന്നോടിയായുള്ള ടേംസ് ഓഫ് റഫറന്‍സ് കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി അപ്രൈസല്‍ കമ്മിറ്റി പരിശോധിക്കും. കമ്മിറ്റി അംഗീകാരം നല്കിയാല് ഈ പരിഗണനാ വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി പഠനം തുടങ്ങാം. എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിങ് ലിമിറ്റഡ് നടത്തുന്ന പഠനം ഡിസംബറോടെ പൂര്‍ത്തീകരിക്കാമെന്നാണു പ്രതീക്ഷ. 2027 ല്‍ രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിന് ആവശ്യമായ മുഴുവന്‍ പണവും അദാനി പോര്‍ട്സ് മുടക്കും. രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷം 40 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്കു വിഴിഞ്ഞം തുറമുഖം എത്തും.
വിഴിഞ്ഞം തുറമുഖ പദ്ധതി നാലു ഘട്ടമായി നടപ്പാക്കാനാണു കരാര്‍ വച്ച ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. ഏഴര ലക്ഷം കണ്ടെയ്നര്‍ ഒരു വര്‍ഷം കൈകാര്യം ചെയ്യാനുള്ള ശേഷി എപ്പോള്‍ ആര്‍ജിക്കുന്നുവോ, അതിനുശേഷമുള്ള അഞ്ചുവര്‍ഷത്തിനകം രണ്ടാം ഘട്ടം എന്നായിരുന്നു തീരുമാനം. തുടര്‍ന്നു 40 ലക്ഷം കണ്ടെയ്നര്‍ ശേഷി കൈവരിക്കുന്നതുവരെ നാലു ഘട്ടമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അനന്തമായ സാധ്യത കണക്കിലെടുത്താണു രണ്ടു ഘട്ടമായി നടപ്പാക്കാന്‍ അദാനി പോര്‍ട്സ് നടപടികള്‍ ത്വരിതപ്പെടുത്തുന്നത്. 10 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. 800 മീറ്റര്‍ ബെര്‍ത്ത്, ബ്രേക്ക് വാട്ടര്‍ മറൈന്‍ മോഡ് 3005 മീറ്ററും ലാന്‍ഡ് മോഡ് 2975 മീറ്ററും നിര്‍മാണം പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ ബെര്‍ത്തിന്റെ നീളം 2000 മീറ്ററും ബ്രേക്ക് വാട്ടറിന്റെ നീളം 4080 മീറ്ററുമാകും.
രണ്ടാം ഘട്ടത്തിനു പാരിസ്ഥാതികാനുമതി ലഭ്യമാക്കണമെന്നഭ്യര്‍ഥിച്ച് കഴിഞ്ഞ ജൂണിലാണ് അദാനി പോര്‍ട്സ്, വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡിനെ (വിസില്‍) സമീപിച്ചത്. പാരിസ്ഥികാനുമതി ഡിസംബറില്‍ ലഭിച്ചാല്‍, ആദ്യഘട്ടം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണത്തിലേക്കു കടക്കാനാകും. ആദ്യം നിര്‍മാണം തുടങ്ങുക പുലിമുട്ടായിരിക്കും. രണ്ടാം ഘട്ടത്തില്‍ തുറമുഖത്തിന്റെ ശേഷി ഉയര്‍ത്തുന്നത് അദാനി കമ്പനിയാണെങ്കില്‍ 20 വര്‍ഷം കൂടി തുറമുഖത്തിന്റെ നിയന്ത്രണം അവര്‍ക്കു ലഭിക്കുമെന്നാണു കരാര്‍. ഇപ്പോള്‍ 40 വര്‍ഷത്തേക്കാണു നല്‍കിയിരിക്കുന്നത്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ 60 വര്‍ഷമായി മാറും.
1200 കോടി ഉടന്‍ കിട്ടണമെന്ന് അദാനി ഗ്രൂപ്പ്
കരാര്‍ പ്രകാരം ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 700 കോടി രൂപയാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനു നല്‍കിയിരിക്കുന്നത്. അടിയന്തരമായി 1,200 കോടി രൂപ കൂടി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ടുന്ന മറ്റു പ്രശ്നങ്ങളും കമ്പനി അറിയിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയവുമായി ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കലും വിജിഎഫ് ധനസഹായം ലഭ്യമാക്കലും, പുലിമുട്ട് നിര്‍മാണത്തിന്റെ രണ്ടംഘട്ട വിതരണം, പുലിമുട്ടു നിര്‍മാണത്തിന്റെ മൂന്നാം ഗഡു സാക്ഷ്യപ്പെടുത്തല്‍, തുറമുഖ അപ്രോച്ച് റോഡിനെ എന്‍എച്ച്- 66 മായി താല്‍ക്കാലികമായി ബന്ധിപ്പിക്കാനുള്ള രൂപരേഖയുടെ അംഗീകാരം, പദ്ധതിക്ക് ആവശ്യമായ ബാക്കി ഭൂമിയുടെ ഏറ്റെടുക്കല്‍, ഭാവിഘട്ട വികസനങ്ങള്‍ക്കുള്ള പാരിസ്ഥിതികാനുമതിക്കും പബ്ലിക്ക് ഹിയറിങ്ങിനും വേണ്ട സഹായങ്ങള്‍, തുറമുഖ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങളുടെ മാറ്റിസ്ഥാപിക്കൽ എന്നിവയ്ക്കാണ് സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫണ്ട് ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍
രാജ്യാന്തര തുറമുഖ പദ്ധതിക്കായി ഹഡ്കോയില്‍നിന്നു വായ്പയെടുക്കാന്‍ വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡിനു (വിസില്‍) സര്‍ക്കാര്‍ 2009 കോടി രൂപ ബജറ്റ് ഗാരന്റി നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഹഡ്കോയില്‍ നിന്നു 3500 കോടി രൂപ വായ്പയെടുക്കാന്‍ വിസിലിനു 2023 മാര്‍ച്ചില്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഹഡ്കോ 2009 കോടി രൂപ വായ്പ അനുവദിച്ചപ്പോള്‍ ബജറ്റില്‍ ഗാരന്റി ഉറപ്പു നല്‍കണമെന്നു നിബന്ധന വച്ചതാണ് അംഗീകരിച്ചത്. പുലിമുട്ട് നിര്‍മാണത്തിന്റെ കുടിശിക തീര്‍ക്കാനും റെയില്‍വേ, റോഡ് ആവശ്യങ്ങള്‍ക്കു ഭൂമിയേറ്റെടുക്കാനുമാണ് ആദ്യഘട്ടത്തില്‍ തുക വിനിയോഗിക്കുക.
പുലിമുട്ട് നിര്‍മിക്കുന്നതിന്റെ മുഴുവന്‍ ചെലവും വഹിക്കേണ്ടതു സര്‍ക്കാരാണ്. 1350 കോടി രൂപ ഇതിനായി അദാനി പോര്‍ട്സിനു നല്‍കണം. അതിൽ പകുതി കൂടി കൊടുക്കാനുണ്ട്. ചരക്കു നീക്കത്തിനായി വിഴിഞ്ഞം- ബാലരാമപുരം റെയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ 1000 കോടി രൂപ റെയില്‍വേയ്ക്കു നല്‍കണം. സ്ഥലമേറ്റെടുക്കലിനായി 200 കോടിയും വേണം. അദാനി പോര്‍ട്സിനു തുറമുഖ നിര്‍മാണത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടായി 817 കോടി രൂപ നല്‍കേണ്ടതുണ്ട്. തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി വിഴിഞ്ഞം ഹാര്‍ബറില്‍ തിരയിളക്കമുണ്ടാകുന്നതു തടയാന്‍ 170 മീറ്റര്‍ നീളത്തില്‍ പുലിമുട്ടു നിര്‍മിക്കാന്‍ 170 കോടി രൂപ വേണം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നെടുത്ത 325 കോടി രൂപയുടെ വായ്പ വിസില്‍ തിരിച്ചടയ്ക്കാനുമുണ്ട്.
ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖം
റോഡ്, റെയില്‍ കണക്ടിവിറ്റി പൂര്‍ണമായി സജ്ജമായിട്ടില്ലെങ്കിലും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്താന്‍ കഴിയും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെറുയാനങ്ങളിലും കപ്പലുകളിലും എത്തുന്ന ചരക്കുകളും കണ്ടെയ്നറുകളും വിഴിഞ്ഞത്തു വച്ച് വലിയ മദര്‍ഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനാകും. വിദേശത്ത് നിന്നുള്ള ചരക്കുകളും വിഴിഞ്ഞത്ത് എത്തിച്ച് മറ്റ് ഇടങ്ങളിലേക്ക് അതിവേഗം മാറ്റാനുമാകും.
രാജ്യത്ത് ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ വിഴിഞ്ഞത്ത് കസ്റ്റംസ് ഓഫിസ് ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം വൈകാതെ ആരംഭിക്കും. 3 മാസത്തിനകം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിന്റെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതോടെ വിദേശ കപ്പലുകള്‍ക്കും നാവികര്‍ക്കും വിഴിഞ്ഞത്ത് എത്തിച്ചേരാനാകും. വിദേശ ഷിപ്പിങ് കമ്പനികള്‍ക്കും വിഴിഞ്ഞം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്താനാകും.