പരിശോധന നടത്താതെ അഫിലിയേഷന്‍ വേണം; നഴ്സിങ് കോളജുകളുടെ ആവശ്യം സർക്കാർ തള്ളി, പ്രതിസന്ധി
Mail This Article
തിരുവനന്തപുരം∙ കേരള നഴ്സിങ് കൗൺസിലിന്റെ പരിശോധന നടത്താതെ അഫിലിയേഷന്‍ വേണമെന്ന സ്വാശ്രയ നഴ്‌സിങ് കോളജുകളുടെ ആവശ്യം ആരോഗ്യവകുപ്പ് തള്ളിയതോടെ നഴ്‌സിങ് പ്രവേശനം അനിശ്ചിതത്വത്തിലാകുമെന്ന് വീണ്ടും ആശങ്ക ഉയരുന്നു. സ്വകാര്യ നഴ്‌സിങ് കോളജുകള്‍ ചരക്കു സേവന നികുതി (ജിഎസ്ടി) നല്‍കണമെന്ന ധനകുപ്പിന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന ആവശ്യത്തിലും തീരുമാനമായിട്ടില്ല. ധനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്താമെന്നാണ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ അറിയിച്ചത്. നഴ്‌സിങ് കോളജുകള്‍ക്ക് പരിശോധന ഒഴിവാക്കി അഫിലിയേഷന്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയ ആരോഗ്യ വകുപ്പ് മൂന്നാം ദിവസം മലക്കം മറിയുകയായിരുന്നു. പരിശോധന നടപടി ഉടന്‍ തുടങ്ങാന്‍ കേരള നഴ്‌സിങ് കൗണ്‍സിലിനോട് (കെഎന്‍സി) ഇന്നലെ വകുപ്പ് ആവശ്യപ്പെട്ടു.
മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി വീണാ ജോര്‍ജ് 22നു നടത്തിയ ചര്‍ച്ചയിലാണ് പരിശോധന ഇല്ലാതെ ഈ വര്‍ഷത്തെ അഫിലിയേഷന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ഇന്നലെ നടന്ന കെഎന്‍സി യോഗത്തില്‍ അനുകൂല തീരുമാനം എടുക്കുമെന്നും പറഞ്ഞിരുന്നു. പരിശോധന ഒഴിവാക്കി അഫിലിയേഷന്‍ നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് കെഎന്‍സി ഭാരവാഹികളും അത്തരത്തില്‍ സംഭവിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് നഴ്‌സിങ് സംഘടനകളും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വകുപ്പ് പിന്മാറിയത് .
ഇന്നലെ കെഎന്‍സി യോഗത്തില്‍ വകുപ്പിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്തു. പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി വ്യവസ്ഥകള്‍ക്കു വിധേയമായി അഫിലിയേഷന്‍ നല്‍കാമെന്നു കെഎന്‍സി സര്‍ക്കാരിനെ അറിയിച്ചു. അഫിലിയേഷനുള്ള കോളജുകളുടെ പ്രോസ്‌പെക്ടസ് മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് പ്രവേശന മേല്‍നോട്ട സമിതി നേരത്തേ പറഞ്ഞിരുന്നു. പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചില്ലെങ്കില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാനാകില്ല. ഇക്കാരണം പറഞ്ഞാണ് പരിശോധന നടത്തിയാല്‍ കാലതാമസം ഉണ്ടാകുമെന്നും ഉടന്‍ അഫിലിയേഷന്‍ നല്‍കണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടത്.
വ്യവസ്ഥകള്‍ക്കു വിധേയമായ അഫിലിയേഷന്‍ അനുവദിച്ചതോടെ പ്രോസ്‌പെക്ടസ് അനുവദിക്കാന്‍ ഇനി തടസ്സമില്ല. പരിശോധന നടത്തുമ്പോള്‍ വീഴ്ചകള്‍ കണ്ടെത്തിയാല്‍ അഫിലിയേഷന്‍ റദ്ദാക്കാനാകും. ഓഗസ്റ്റ് ഒന്നിനാണു പ്രവേശനം തുടങ്ങേണ്ടത്. അതിനു മുന്‍പു പരിശോധന പൂര്‍ത്തിയാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്നാല്‍ പരിശോധന വേണ്ടെന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍. മുന്‍പ് നഴ്‌സിങ് കോളജ് അധ്യാപകരുടെ സമിതിയാണു പരിശോധന നടത്തിയിരുന്നത്. അവര്‍ കോളജുകളുടെ ഗുരുതര വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എങ്കില്‍ അവരുടെ ജോലിയെപ്പോലും അതു ബാധിക്കും. പുതിയ കൗണ്‍സില്‍ ഭാരവാഹികള്‍ വന്നതിനുശേഷമാണ് ഇതിനു മാറ്റം ഉണ്ടായത്. കൗണ്‍സില്‍ ഭരണസമിതി അംഗങ്ങള്‍ കൂടി പരിശോധനാ സമിതിയില്‍ ഉണ്ടാകട്ടെയെന്ന് കൗണ്‍സില്‍ തന്നെ തീരുമാനിച്ചു.
പരിശോധന കര്‍ശനമായതോടെ മാനേജ്‌മെന്റുകള്‍ വെട്ടിലായി. കോളജിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഒരു വിദ്യാര്‍ഥിക്ക് 3 രോഗികള്‍ എന്ന കണക്കില്‍ കിടക്കകള്‍ വേണം. ചില കോളജുകള്‍ ഇതു പാലിക്കുന്നില്ല. മതിയായ അധ്യാപകരെ നിയമിക്കാത്തതും നിയമിച്ചവര്‍ക്കു മാന്യമായ ശമ്പളം കൊടുക്കാത്തതുമായ മാനേജ്‌മെന്റുകളും ഉണ്ട്. ഇത്തരക്കാരുടെ കോളജുകളിലെ സീറ്റ് കൗണ്‍സില്‍ വെട്ടിക്കുറച്ചതോടെയാണ് മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ സ്വാധീനിച്ചത്. സിപിഎം നേതാക്കള്‍ നയിക്കുന്ന സൊസൈറ്റികളും വന്‍കിട ആശുപത്രികളുമൊക്കെ നഴ്‌സിങ് കോളജ് നടത്തുന്നുണ്ട്. ഇവരെല്ലാം കൗണ്‍സിലിന് എതിരെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. മാര്‍ച്ച് 21ന് ആരോഗ്യ വകുപ്പ് ഉന്നതര്‍ കൗണ്‍സില്‍ ഭാരവാഹികളുടെ യോഗം വിളിച്ചു പരിശോധനയില്‍ നിന്നു മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചു. അവര്‍ വഴങ്ങാത്തതിനാല്‍ ഭാരവാഹികളെ ഒഴിവാക്കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെയാണു പരിശോധന നിലച്ചത്.