ADVERTISEMENT

കോട്ടയം∙ റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നതാണെന്നു കരുതി വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്നു ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കവേ തോട്ടിൽ വീണ കാറിലെ ഹൈദരാബാദ് സ്വദേശി. തോട് എത്തുന്നതിനു മുൻപ് റോഡ് തിരിഞ്ഞുപോകുന്നുണ്ട്. കനത്ത മഴയിൽ ഇതു കാണാൻ കഴിയാതെ പോയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണു നിഗമനം. 

‘‘മഴയത്ത് സാധാരണ റോഡിൽ വെള്ളം ഉണ്ടാകുമല്ലോ, അങ്ങനെയാണ് ഇതെന്നും കരുതി. 10 കിലോമീറ്റർ വേഗത്തിലാണ് വാഹനം സഞ്ചരിച്ചത്. കാറിന്റെ മുൻഭാഗത്തെ ചക്രം തോട്ടിലെ വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം മനസിലായത്. കാർ തോട്ടിൽ മുങ്ങി. പുറകിലെ ചക്രം ഉൾപ്പെടെ മുങ്ങി. ഡോർ വഴി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരെ ഉടനെ വിവരം അറിയിച്ചു’’–കാർ ഓടിച്ചിരുന്ന ഹൈദരാബാദ് സ്വദേശിയായ യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിൽപ്പെട്ടശേഷം 150 മീറ്ററോളം തോട്ടിലൂടെ വാഹനം മുന്നോട്ടുപോയി. യാത്രക്കാരുടെ രണ്ട് ട്രോളി ബാഗുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തു. ചില സാധനങ്ങൾ നഷ്ടമായി. വാഹനത്തിനകത്ത് പൂർണ്ണമായും വെള്ളം കയറി. തോട്ടിലെ തിട്ടയിൽ വാഹനം ഇടിച്ചു നിന്നപ്പോൾ ഡോർവഴി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. 

‘‘പുലർച്ചെ മൂന്നു മണിയോടെയാണ് കാര്‍ തോട്ടിൽ വീണത്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഗ്ലാസ് അടിച്ചു പൊട്ടിച്ചാണ് പുറത്തിറങ്ങിയത്. 150 മീറ്ററോളം വാഹനം ഒഴുകിപോയി. വർഷത്തിൽ നാലഞ്ചു തവണ ഇവിടെ അപകടം ഉണ്ടാകാറുണ്ട്. മുൻപ് നടൻ രാജൻ പി.ദേവ് സഞ്ചരിച്ച വാഹനം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ബോർഡുണ്ടെങ്കിലും മഴയത്ത് കാണാൻ സാധിക്കില്ല. വലിയ ബോർഡ് വച്ചാലേ കാണാൻ സാധിക്കൂ. പഞ്ചായത്ത് അതിന് ക്രമീകരണം ഒരുക്കിയിട്ടില്ല ’’– നാട്ടുകാർ പറഞ്ഞു. 

‘‘15 വർഷമായി ഇവിടെ അപകടം ഉണ്ടാകാറുണ്ട്. വാഹനങ്ങൾ നേരെ തോട്ടിലേക്കാണ് വീഴുന്നത്. വേനൽക്കാലത്ത് തോട് ഉണങ്ങി കിടക്കുന്നതിനാൽ യാത്രക്കാർക്ക് അറിയാൻ കഴിയും. പല പ്രാവശ്യവും ബോർഡ് വച്ചെങ്കിലും വാഹനം കഴുകാനെത്തുന്നവർ ബോർഡ് എടുത്തു മാറ്റും’’– മറ്റൊരു പ്രദേശവാസി പറഞ്ഞു.

English Summary:

Hyderabad natives respond after their car fell into stream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com