എൽഡിഎഫ് സർക്കാരിൻറേത് കേരളത്തിൽ അനിയന്ത്രിതമായി മദ്യമൊഴുക്കാനുള്ള ശ്രമം: സിറോ മലബാർ സഭ
Mail This Article
കൊച്ചി∙ ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൊഴുക്കുന്നതിനിടെ, കേരളത്തിൽ അനിയന്ത്രിതമായി മദ്യമൊഴുക്കാനുള്ള ശ്രമമാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റേത് എന്ന ആരോപണവുമായി സിറോ മലബാർ സഭ. എല്ലാം മാസത്തിന്റെയും തുടക്കത്തിലുള്ള ഡ്രൈ ഡേ പിൻവലിക്കുന്നതു പോലുള്ള തീരുമാനങ്ങളെ അപലപിക്കുന്നു എന്നും സിറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര വ്യക്തമാക്കി.
‘‘2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 പഞ്ചനക്ഷത്ര ബാറുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന് 8 വർഷം കഴിയുമ്പോൾ ലഭ്യമാകുന്ന കണക്കനുസരിച്ച് ബാറുകളും, ബെവ്കോയുടെയോ കൺസ്യൂമർഫെഡിന്റെയോ ഔട്ട്ലെറ്റുകളുമായി 1039 എണ്ണം ഉണ്ട്. ഒന്നാം പിണറായി സർക്കാർ 5 വർഷം പൂർത്തിയാക്കുമ്പോൾ 671 ബാർ ലൈസൻസുകൾ കൊടുത്തതായിട്ടാണ് കണക്ക്. കഴിഞ്ഞ ഫെബ്രുവരിയിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞ കണക്കനുസരിച്ച് നിലവിൽ 801 ബാറുകള്‍ കേരളത്തിലുണ്ട്. ഒരു തുള്ളി മദ്യം പോലും കൂടുതലായി ലഭ്യമാക്കില്ല എന്നു പറഞ്ഞ് അധികാരത്തിലേറിയ ജനാധിപത്യ സർക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ. അവരാണ് ഇപ്പോൾ കുടുംബങ്ങളിലും സമൂഹത്തിലും അസ്വസ്ഥതയുളവാക്കുന്ന തരത്തിൽ, കേരള സമൂഹം ഒന്നാകെ ഒരു വലിയ വിപത്തായി കാണുന്ന മദ്യത്തെ അനിയന്ത്രിതമായി ഒഴുക്കാനുള്ള ശ്രമം നടത്തുന്നത്’’– ഫാ. ആന്റണി വടക്കേക്കര ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
മദ്യനയം മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽനിന്ന് സർക്കാർ പിന്നാക്കം പോകണമെന്നും മദ്യവർജനവും മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്ന നടപടികളും സ്വീകരിക്കണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ മദ്യനയം മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രധാനപ്പെട്ടതാണ് ‘‘മാസത്തിന്റെ ആദ്യ ദിവസം മദ്യം ലഭ്യമായിരുന്നില്ല എന്ന തീരുമാനം പിൻവലിക്കാനുള്ള ആലോചന. അതുപോലെ ബാറുകളുടെയും മദ്യം വിൽക്കുന്ന ഔട്ട്‌ലെറ്റുകളുടെയും സമയദൈർഘ്യം കൂട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. ഐടി പാർക്കുകളുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും അതിഥികൾക്കും മദ്യം വിളമ്പാൻ ബാറുകളുടെയോ ബവ്കോയുടെയോ കൺസ്യൂമർഫെഡിന്റെയോ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള ആലോചനകൾ നടക്കുന്നതായും അറിയുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് അനിയന്ത്രിതമായി കേരളത്തിൽ മദ്യം ഒഴുക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നയപരിപാടികളാണ് എന്നാണ്.’’– ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.