ADVERTISEMENT

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. മകന്റെ മരണത്തിൽ അദ്ദേഹം അന്വേഷണം പ്രഖ്യാപിക്കാത്തതെന്തെന്നും കുമാരസ്വാമി ചോദിച്ചു. ലൈംഗികാതിക്രമക്കേസിൽ ആരോപണം നേരിടുന്ന ഹാസൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണ വിദേശത്തേക്ക് കടന്നത് എച്ച്.ഡി. ദേവഗൗഡയുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ അറിവോടെയാണെന്ന സിദ്ധരാമയ്യയുടെ ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് ആരോപണം.

2016 ജൂലൈ 30നാണ് സിദ്ധരാമയ്യയുടെ മകൻ രാകേഷ് സിദ്ധരാമയ്യ ബെൽജിയത്തിൽവച്ച് മരിക്കുന്നത്. ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായതായിരുന്നു മരണകാരണം. ‘‘മുഖ്യമന്ത്രിയുടെ മകനും വിദേശത്തുപോയിരുന്നു. അവിടെവച്ച് അപകടമുണ്ടായി. എന്തിനുവേണ്ടിയാണ് അയാൾ വിദേശത്തുപോയത്. അദ്ദേഹം സിദ്ധരാമയ്യയുടെ അനുവാദം വാങ്ങിയിരുന്നോ ?. രാകേഷിന്റെ മരണത്തിൽ എന്തുകൊണ്ടാണ് സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിടാത്തത്? എന്തിനാണ് അക്കാര്യം മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്നത്? മുഖ്യമന്ത്രിയാണോ മകനെ വിദേശത്തേക്കയച്ചത്? ’’– കുമാരസ്വാമി വാർത്താസമ്മേളനത്തിൽ ചോദിച്ചു. 2016ലെ വിദേശയാത്രയിൽ രാകേഷിനൊപ്പം പോയവരെക്കുറിച്ചുള്ള വിവരങ്ങൾ സിദ്ധരാമയ്യ വെളിപ്പെടുത്തണമെന്നും കുമാരസ്വാമി പറഞ്ഞു. 

അതേസമയം, രാകേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിക്കുന്നത് കുമാരസ്വാമിയുടെ വിഡ്ഢിത്തമാണെന്ന്‌ സിദ്ധരാമയ്യ പ്രതികരിച്ചു. ‘‘എട്ടുവർഷം മുമ്പാണ് രാകേഷ് മരിച്ചത്. രാകേഷിന്റെ കേസ് ഉയർത്തിക്കൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ വിഡ്ഢിത്തമാണ്. 2016ൽ രാകേഷ് മരിച്ചതും പ്രജ്വലിന്റെ കേസും തമ്മിൽ എന്താണ് ബന്ധം? കുമാരസ്വാമിയുടെ മരുമകൻ പ്രജ്വൽ ബലാത്സംഗക്കേസിൽ പ്രതിയാണ്.’’–സിദ്ധരാമയ്യ പറഞ്ഞു.

English Summary:

Kumaraswamy Alleges Mystery on Death of Siddaramaiah's Son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com