കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കുന്നു, മറുപടി നൽകാൻ സമയം വേണം: അമൃതയുടെ പരാതിയിൽ എയര്‍ ഇന്ത്യ എക്‌സ്പ്രസ്
Mail This Article
തിരുവനന്തപുരം∙ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന്, മസ്കത്തിൽ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ഭർത്താവിനെ അവസാനമായി കാണാനാകാതെ പോയെന്ന ഭാര്യയുടെ പരാതിയിൽ പ്രതികരിച്ച് വിമാന കമ്പനി. ജീവനക്കാരുടെ സമരം കാരണം വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്നാണ് ഭർത്താവ് നമ്പി രാജേഷിനെ കാണാൻ ഭാര്യ അമൃതയ്ക്ക് സാധിക്കാതിരുന്നത്. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് നമ്പി രാജേഷ് മരിച്ചത്. അമൃത നൽകിയ പരാതി പരിശോധിക്കുകയാണെന്നും, മറുപടി നൽകാൻ സമയം ആവശ്യമാണെന്നും എയർ ഇന്ത്യയുടെ നോഡൽ ഓഫിസറുടെ പ്രതികരണത്തിൽ പറയുന്നു. കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതായും ദുഃഖത്തിൽ പങ്കുചേരുന്നതായും കമ്പനി അറിയിച്ചു.
നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ആവശ്യം വ്യക്തമാക്കി ഇ–മെയില്‍ അയയ്ക്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കുടുംബത്തോട് നിര്‍ദേശിച്ചിരുന്നു. ആശുപത്രിയിലായ രാജേഷിന് അടുത്തെത്താന്‍ അമൃത ടിക്കറ്റ് എടുത്തെങ്കിലും വിമാനക്കമ്പനി ജീവനക്കാരുടെ പണിമുടക്ക് മൂലം രണ്ടു ദിവസവും യാത്ര മുടങ്ങുകയായിരുന്നു. പിന്നാലെയായിരുന്നു മരണം. അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്ന ഭര്‍ത്താവിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും എയര്‍ ഇന്ത്യയ്ക്ക് അയച്ച മെയിലില്‍ അമൃത ആവശ്യപ്പെട്ടു. തന്റെ സാമീപ്യവും പരിചരണവും ലഭിച്ചിരുന്നെങ്കില്‍ ഭര്‍ത്താവിന് ഈ ഗതി വരില്ലായിരുന്നുവെന്നും അമൃത മെയിലിൽ ചൂണ്ടിക്കാട്ടി.