തൃശൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; 85 പേർ ആശുപത്രിയിൽ ചികിത്സ തേടി
Mail This Article
പെരിഞ്ഞനം∙ തൃശൂർ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. വയറിളക്കവും ഛര്‍ദിയും മറ്റ് അസ്വസ്ഥതകളുമായി 85 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹോട്ടലില്‍നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയത്. വൈദ്യസഹായം നൽകിയ ശേഷം എല്ലാവരെയും വിട്ടയച്ചു.
ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും, പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ.അബ്ദുൽ നാസർ, ഹെൽത്ത് സൂപ്പർവൈസർ വി.എസ്. രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹോട്ടലിനെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.