ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 7 നവജാത ശിശുക്കൾ വെന്തുമരിച്ചു
Mail This Article
ന്യൂഡൽഹി∙ ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ചു നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഇതിലൊരാൾ ഐസിയുവിൽ വച്ച് മരിച്ചതായും അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. ഞായറാഴ്ച പുലർച്ചെയോടെ തീയണച്ചു. 16 അഗ്നിരക്ഷാ വാഹനങ്ങളാണ് തീയണയ്ക്കാനായെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്സിജൻ സിലിണ്ടറുകളും തീപിടിത്തത്തിൽ കത്തിനശിച്ചു. ആശുപത്രി കെട്ടിടത്തിനും സമീപത്തുള്ള ഒരു പാർപ്പിട സമുച്ചയത്തിനുമാണ് തീപിടിച്ചത്. പശ്ചിം വിഹാർ സ്വദേശി നവീൻ കിച്ചിയാണ് ആശുപത്രിക്കെട്ടിടത്തിന്റെ ഉടമയെന്നും ഇയാൾ ഒളിവിലാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.
അതേസമയം, അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ രാജേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അതേസമയം, ആശുപത്രിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കുഞ്ഞുങ്ങളെക്കുറിച്ച് ആശുപത്രി അധികൃതർ ഒരു വിവരവും നൽകുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുഞ്ഞുങ്ങളെ അന്വേഷിച്ച് ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കുകയാണ് മാതാപിതാക്കൾ. ബന്ധപ്പെട്ടവരാരും ഫോണെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. അഞ്ചു കുട്ടികളുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ പറയുന്നത്.
നിയമങ്ങൾ ലംഘിച്ചാണ് ആശുപത്രി പ്രവർത്തിച്ചിരുന്നതെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ പരാതി നൽകിയിരുന്നെന്നും നാട്ടുകാർ പറഞ്ഞു. തീപിടിത്തമുണ്ടായാൽ അണയ്ക്കാൻ വേണ്ട സുരക്ഷാസംവിധാനങ്ങളും ആശുപത്രിയിലുണ്ടായിരുന്നില്ല. ആശുപത്രിയുടെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഓക്സിജൻ റീഫില്ലിങ് കേന്ദ്രം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും റീഫില്ലിങ് നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഹൃദയഭേദകമായ സംഭവമാണ് നടന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവരെ വെറുതേ വിടില്ലെന്നും അദ്ദേഹം എക്സിൽ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ സെക്രട്ടറിയെ വിളിച്ചെങ്കിലും അദ്ദേഹം ഫോണെടുത്തില്ലെന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.