മദ്യനയത്തിൽ സർക്കാർ യോഗം വിളിച്ചതിന് തെളിവുണ്ട്: സർക്കാരിനോട് 6 ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്
Mail This Article
കൊച്ചി ∙ ബാർകോഴ കേസിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മേയ് 21ന് മദ്യനയത്തിൽ ടൂറിസം വകുപ്പ് സൂം മീറ്റിങ് നടത്തിയിട്ടുണ്ടെന്നും അതിൽ ബാർ ഉടമകളും പങ്കെടുത്തതായും മീറ്റിങ്ങിന്റെ ലിങ്ക് തന്റെ പക്കലുണ്ടെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ചും സമയപരിധി നീട്ടുന്നതിനെക്കുറിച്ചും മേയ് 21ലെ യോഗത്തിൽ ചർച്ചയുണ്ടായി. അതിനെത്തുടർന്നാണ് ബാർ ഉടമകൾ പണപ്പിരിവിനുള്ള നിർദേശം നൽകുകയും ഇക്കാര്യം ഇടുക്കി ജില്ലാ പ്രസിഡന്റിലൂടെ പുറത്തുവരുകയും ചെയ്തത്. ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ട് സർക്കാരിനോട് പ്രതിപക്ഷ നേതാവ് ആറു ചോദ്യങ്ങളും ഉന്നയിച്ചു.
പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾ
1. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ മറികടന്നത് എന്തിന്?
2. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?
3. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?
4. ഡി.ജി.പിക്ക് എക്‌സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ?
5. കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണമുണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്?
6. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?
പെരുമാറ്റച്ചട്ടം മാറിയാൽ ഉടൻ മദ്യനയത്തിൽ മാറ്റം വരുത്താമെന്നാണ് യോഗത്തിൽ പറഞ്ഞത്. അഴിമതി ആരോപണത്തെക്കുറിച്ചല്ല, വാർത്ത പുറത്തായതെങ്ങനെ എന്ന കാര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. സർക്കാരിനെതിരേ അഴിമതി ആരോപണം വരുമ്പോൾ, അഴിമതി പുറത്താകാനിടയായ സാഹചര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എവിടുത്തെ രീതിയാണിതെന്ന് സതീശൻ ചോദിച്ചു.
ഡിജിപിക്ക് എക്സൈസ് മന്ത്രി നൽകിയ പരാതിയിലും സർക്കാർ അതേ രീതിയിൽ സഞ്ചരിക്കുകയാണ്. ടൂറിസം വകുപ്പ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മദ്യനയത്തിൽ എന്തിനാണ് ടൂറിസം വകുപ്പ് ഇടപെടുന്നത്? മദ്യനയത്തിൽ മാറ്റം വരുത്തേണ്ടത് എക്സൈസ് വകുപ്പാണ്. അതിൽ ടൂറിസം വകുപ്പിന് എന്താണ് കാര്യം? ടൂറിസം വകുപ്പ് എന്തിനാണ് ബാറുടമകളുടെ യോഗം വിളിക്കുന്നത് ? ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈകടത്തി എന്ന ആക്ഷേപം മന്ത്രി എം.ബി. രാജേഷിനുണ്ടോയെന്ന് വ്യക്തമാക്കണം. വിഷയത്തിൽ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകും. രണ്ടുമന്ത്രിമാരും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം’’ – സതീശൻ പറഞ്ഞു.