ADVERTISEMENT

ന്യൂഡൽഹി ∙ ആംആദ്മി പാർട്ടി നേതാക്കളും അണികളും ചേർന്നു നടത്തുന്ന നുണപ്രചാരണത്തെത്തുടർന്ന് തനിക്കെതിരെ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാൾ എംപി. ബിഭവ് കുമാർ കേസിൽ യുട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വിഡിയോ ചെയ്ത് പോസ്റ്റ് ചെയ്തതോടെ ഭീഷണി ഇരട്ടിയായെന്നും സ്വാതി ആരോപിച്ചു. 

‘‘എന്റെ പാർട്ടിയായ ആംആദ്മി പാർട്ടിയുടെ നേതാക്കളും അണികളും ചേർന്ന് നടത്തുന്ന വ്യക്തിഹത്യാ ക്യാംപെയ്നെത്തുടർന്ന് എനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികൾ ലഭിക്കുന്നുണ്ട്. യുട്യൂബർ ധ്രുവ് റാഠി എനിക്കെതിരെ ഏകപക്ഷീയമായ ഒരു വിഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഭീഷണികളുടെ എണ്ണം കൂടി. സ്വതന്ത്ര മാധ്യമപ്രവർത്തകനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെപ്പോലൊരാൾ ആംആദ്മി പാർട്ടിയുടെ വക്താവിനെപ്പോലെ പ്രവർത്തിക്കുന്നതും എനിക്കെതിരെ അധിക്ഷേപം ചൊരിയുന്നതും നാണക്കേടാണ്. തീവ്രമായ ഭീഷണികളും അധിക്ഷേപങ്ങളുമാണ്  ഇപ്പോൾ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നത്.’’– സ്വാതി എക്സിൽ കുറിച്ചു.

ധ്രുവ് റാഠിയുടെ വിഡിയോ കണ്ടതിനെത്തുടർന്ന് തന്റെ ഭാഗം വിശദീകരിക്കാൻ അദ്ദേഹത്തെ വിളിച്ചെങ്കിലും കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകിയില്ലെന്നും സ്വാതി പറഞ്ഞു. ഏകപക്ഷീയമാണ് ധ്രുവ് റാഠിയുടെ വിഡിയോ. സംഭവം നടന്നുവെന്ന് അംഗീകരിച്ചശേഷം ആംആദ്മി പാർട്ടി എന്തുകൊണ്ടാണ് യുടേൺ എടുത്തത്? ആക്രമണത്തെ തുടർന്നാണ് എനിക്ക് പരുക്കുകളുണ്ടായതെന്നാണ് എംഎൽസി റിപ്പോർട്ട്. വിഡിയോയുടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ മാത്രം പുറത്തുവിട്ട് പിന്നീട് പ്രതിയുടെ ഫോൺ ഫോർമാറ്റ് ചെയ്തു. കുറ്റകൃത്യം നടന്ന മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് തന്നെയാണ് പ്രതി അറസ്റ്റിലായത്. അവിടേക്ക് വീണ്ടും എങ്ങനെ ബിഭവിന് പ്രവേശനം ലഭിച്ചു? എപ്പോഴും സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊണ്ട, മണിപ്പുരിൽപ്പോലും സുരക്ഷയില്ലാതെ തനിച്ചുപോയ സ്ത്രീയെ എങ്ങനെയാണ് ബിജെപിക്ക് വിലയ്ക്കെടുക്കാനായത് തുടങ്ങിയ കാര്യങ്ങൾ ധ്രുവ് റാഠിയുടെ വിഡിയോയിൽ പരാമർശിക്കുന്നേയില്ലെന്നും സ്വാതി പറഞ്ഞു. 

മേയ് 13ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയ തന്നെ മുഖ്യമന്ത്രിയുടെ പിഎ ബിഭവ് കുമാർ മർദിച്ചുവെന്നാണ് സ്വാതിയുടെ പരാതി. പരാതിയിൽ അറസ്റ്റിലായ ബിഭവ് കുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പരാതി പിൻവലിക്കാൻ ആംആദ്മി പാർട്ടി സമ്മർദം ചെലുത്തുന്നുണ്ടെന്നും സ്വാതി ആരോപിച്ചു.

English Summary:

Swati Maliwal Alleges Death Threats After Video By YouTuber Dhruv Rathee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com