പുണെ അപകടം: രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച ഫൊറൻസിക് മേധാവിയടക്കം 2 ഡോക്ടർമാർ അറസ്റ്റിൽ
Mail This Article
പുണെ∙ മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച ഫൊറൻസിക് ലാബ് മേധാവിയടക്കം രണ്ടു ഡോക്ടർമാർ അറസ്റ്റിൽ. പുണെ സാസൂണിലെ സർക്കാർ ആശുപത്രിയിലെ ഫൊറൻസിക് ലാബ് മേധാവി ഡോ. അജയ് താവ്‌റെ, ഡോ. ശ്രീഹരി ഹാർണർ എന്നിവരെയാണ് പുണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രതിയായ കൗമാരക്കാരൻ മദ്യപിച്ചിരുന്നില്ല എന്നായിരുന്നു അപകടത്തിന് പിന്നാലെ നടത്തിയ രക്തപരിശോധനയുടെ റിപ്പോർട്ട്. എന്നാൽ സംഭവത്തിനു മുൻപു പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ റിപ്പോർട്ടിൽ കൃത്രിമം നടന്നതായി ആരോപണമുയരുകയായിരുന്നു.
‘‘മദ്യപിച്ചതിനെത്തുടർന്ന് അബദ്ധത്തിൽ സംഭവിച്ചുപോയ അപകടമോ കൊലപാതകമോ അല്ല ഇത്. പ്രതി രണ്ട് ബാറുകളിൽ പോയി മദ്യപിച്ചിരുന്നു, നമ്പർപ്ലേറ്റില്ലാത്ത കാർ തിരക്കുള്ള, ഇടുങ്ങിയ തെരുവിൽ അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ചു, ഇതേക്കുറിച്ചെല്ലാം ഇയാൾക്ക് ശരിക്കും ബോധ്യമുണ്ടായിരുന്നെന്ന് മാത്രമല്ല ഇതുകാരണം ആളുകളെ ജീവൻ അപകടത്തിൽപ്പെട്ടേക്കാമെന്നും പ്രതിക്ക് അറിയാമായിരുന്നു.’’–പുണെ പൊലീസ് കമ്മിഷണർ അമൃതേഷ് കുമാർ അറിയിച്ചു.
പുണെയിലെ സമ്പന്ന കുടുംബത്തിൽപ്പെട്ട പ്രതിയെ രക്ഷിക്കാൻ പൊലീസും മറ്റ് അധികൃതരും ശ്രമിക്കുന്നുവെന്ന് തുടക്കം മുതൽ തന്നെ ആക്ഷേപമുയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ കൗമാരക്കാരൻ ജുവനൈൽ ഹോമിലാണ്.