സുധാകരനെ ക്യാംപിനു ക്ഷണിച്ചിരുന്നു; കെഎസ്‍യു പാർട്ടി നിയന്ത്രിക്കുന്ന പ്രസ്ഥാനമല്ല: അലോഷ്യസ് സേവ്യർ
Mail This Article
കോട്ടയം ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ നെയ്യാറിൽ നടന്ന കെഎസ്‍യു സംസ്ഥാന ക്യാംപിലേക്കു ക്ഷണിച്ചിരുന്നുവെന്ന് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെപിസിസി അധ്യക്ഷനെ ക്യാംപിലേക്കു വിളിക്കാതിരുന്നത് വിഭാഗീയതയുടെ ഭാഗമായാണെന്നായിരുന്നു കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്. സാധാരണയായി കെഎസ്‍യു പരിപാടികളിൽ സുധാകരൻ പങ്കെടുക്കാറില്ല. പൂർണമായും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു പ്രസ്ഥാനമല്ല കെഎസ്‍യു. ക്യാംപിന് ഡയറക്ടർ ഉണ്ടാവണമെന്നത് പരമ്പരാഗത രീതിയാണെന്നും അലോഷ്യസ് സേവ്യർ മനോരമ ഓൺലൈനോട് പറഞ്ഞു.
∙ക്യാംപ് നടത്തിപ്പിലെ കൂട്ടത്തല്ലിൽ സംസ്ഥാന നേതൃത്വത്തെ കൂടി പ്രതി ചേർത്താണല്ലോ അന്വേഷണസമിതി റിപ്പോർട്ട്?
വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന് അറിയില്ല.
∙ കെഎസ്‍യു നേതൃത്വമാണ് കൂട്ടത്തല്ലിന് അന്തരീക്ഷമൊരുക്കിയതെന്നും നേതൃത്വം ക്യാംപ് നടത്തിപ്പിൽ പരാജയമാണെന്നും അഭിപ്രായമുണ്ടല്ലോ?
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം കൂടിയാലോചനകൾക്കു ശേഷം മാധ്യമങ്ങൾക്ക് നൽകും.
∙ കെപിസിസി അധ്യക്ഷനുമായി ഇക്കാര്യം സംസാരിച്ചിരുന്നോ?
ക്യാംപ് കഴിഞ്ഞതല്ലേയുള്ളൂ. വാർത്തകൾ കണ്ട അറിവേയുള്ളൂ.
∙ കെപിസിസി അധ്യക്ഷനെ ക്യാംപിലേക്കു വിളിക്കാതിരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹത്തെ വിളിക്കാത്തത് വിഭാഗീതയുടെ ഭാഗമാണെന്നാണല്ലോ ആരോപണം?
കെപിസിസി അധ്യക്ഷനെ വിളിച്ചിരുന്നില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി പറഞ്ഞിട്ടില്ലല്ലോ.
∙ അദ്ദേഹത്തെ ക്യാംപിലേക്ക് വിളിച്ചിരുന്നോ?
വിളിച്ചിരുന്നു. ഞാൻ നേരിട്ടു പോയാണ് സംസാരിച്ചതും ക്ഷണിച്ചതും. ഇവിടെയുണ്ടാകില്ലെന്നും ഡൽഹിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുമായി മുന്നോട്ടുപോകാനാണ് പ്രസിഡന്റ് പറഞ്ഞത്. കഴിഞ്ഞ യൂത്ത് കോൺഗ്രസിന്റെ ക്യാംപിലും കെപിസിസി അധ്യക്ഷൻ പങ്കെടുത്തിരുന്നില്ല.
∙ കെഎസ്‍യുവിനുള്ളിൽ വിഭാഗിയതയുണ്ടോ?
യാതൊരു തരത്തിലുള്ള വിഭാഗിയ പ്രവർത്തനങ്ങളും കെഎസ്‍യുവിൽ ഇല്ല. ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. സാധാരണയായി കെഎസ്‍യുവിന്റെ പരിപാടികളിൽ കെപിസിസി അധ്യക്ഷൻ പങ്കെടുക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. കണ്ണൂർ ജില്ലയിൽ കെഎസ്‍യുവിന്റെ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. മറ്റു ജില്ലകളിൽ പ്രസിഡന്റ് സാധാരണ പങ്കെടുക്കാറില്ല.
∙ ക്യാംപിന് ഒരു ഡയറക്ടർ ഇല്ലാതിരുന്നത് എന്തുകൊണ്ടാണ്?
ക്യാംപിന് ഡയറക്ടർ ഉണ്ടാവണമെന്നത് പരമ്പരാഗത രീതിയാണ്. ഈ ക്യാംപ് കെഎസ്‍യു ഭാരവാഹികൾ തന്നെ നിയന്ത്രിക്കാം എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിച്ചേരുകയായിരുന്നു.
∙ അതാണല്ലോ പാർട്ടിയുടെ നിയന്ത്രണമില്ല എന്ന വിമർശനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്?
കെഎസ്‍യു പൂർണമായും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു പ്രസ്ഥാനമല്ല. കെഎസ്‍യു എല്ലാക്കാലത്തും സ്വതന്ത്ര നിലപാട് സ്വീകരിച്ച സംഘടനയാണ്. പാർട്ടിയുടെ നിയന്ത്രണത്തിലല്ല കെഎസ്‍യു ക്യാംപ് നടത്തേണ്ടത് എന്നാണ് വിശ്വസിക്കുന്നത്.
∙ ജംബോ കമ്മിറ്റിക്കെതിരെയും വലിയ വിമർശനമാണല്ലോ. അലോഷ്യസ് ജംബോ കമ്മിറ്റിയെ അനുകൂലിക്കുന്നുണ്ടോ?
പാർട്ടി ഔദ്യോഗിക തലത്തിൽ ജംബോ കമ്മിറ്റിക്കെതിരെ പറഞ്ഞാൽ അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിലപാട് പറയാം.
∙ ജംബോ കമ്മിറ്റി പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണോ?
പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കഴിഞ്ഞ ഒരു വർഷം ഞങ്ങൾ നന്നായി പ്രവർത്തിക്കുമായിരുന്നോ? ഇങ്ങനെയൊരു റിപ്പോർട്ട് അന്വേഷണ സമിതി കെപിസിസിക്കു നൽകിയിട്ടുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല. നൽകിയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഔദ്യോഗികമായിത്തന്നെ അതിനുള്ള വിശദീകരണം നൽകും.