ഐസിയു ആംബുലൻസിന് കാത്തിരുന്നത് 4 മണിക്കൂർ, ചികിത്സ വൈകി; അട്ടപ്പാടിയിൽ വയോധികൻ മരിച്ചു
Mail This Article
പാലക്കാട്∙ അട്ടപ്പാടിയിൽ ഐസിയു ആംബുലൻസ് സൗകര്യം ലഭ്യമാവാത്തതിനെത്തുടർന്ന് ചികിത്സ വൈകിയ വയോധികൻ മരിച്ചു. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ (56) ആണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോട്ടത്തറ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി ഇയാളെ കൊണ്ടുപോയത് നാലു മണിക്കൂറിന് ശേഷമാണെന്നും, ചികിത്സ വൈകിയതാണ് മരണകാരണമെന്നും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓട്ടോയിൽ മരം വീണ് മണ്ണാർക്കാട് ആശുപത്രിയിൽ നിന്നും തൃശൂർ എത്തിക്കാൻ വൈകിയതിനെത്തുടർന്ന് ഫൈസൽ എന്നയാൾ മരണപ്പെട്ടിരുന്നു.
ശനിയാഴ്ച വൈകീട്ടോടെ വനത്തിൽ ആടിനെ മേയ്ക്കാൻ പോയ ചെല്ലൻ വൈകീട്ട് ഏഴുമണിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് ബോധരഹിതനായി കണ്ടെത്തിയത്. ഒന്നര കിലോമീറ്ററോളം കാൽനടയായി ചുമന്നുകൊണ്ടാണ് ഇയാളെ ആംബുലൻസിൽ കയറ്റി കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദേശം വന്നെങ്കിലും, ഐസിയു ആംബുലൻസിനായി നാലു മണിക്കൂർ കാത്തിരിക്കേണ്ടതായി വന്നു. രണ്ടു ദിവസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെല്ലൻ തിങ്കളാഴ്ച രാവിലെയാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് മരിച്ചത്.