ഡേറ്റിങ് ആപ്പിൽ പരിചയം, 3 വർഷം പ്രണയം; യുവതിയുടെ മരണത്തിൽ ഐആർഎസ് ഓഫിസർ അറസ്റ്റിൽ
Mail This Article
നോയിഡ ∙ ഐആർഎസ് ഓഫിസർ സൗരഭ് മീനയുടെ ഫ്ലാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതു കൊലപാതകമാണെന്ന ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്ത്. യുവതിയെ സൗരഭ് കൊലപ്പെടുത്തി എന്നാണ് ആരോപണം. ഇരുവരും 3 വർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി മകളെ പറ്റിക്കുകയായിരുന്നെന്നും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
തനിക്കു യുവതിയുമായി 3 മാസത്തെ പരിചയമേയുള്ളൂവെന്നും ആരോപണം നിഷേധിക്കുന്നുവെന്നും സൗരഭ് പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം ഫ്ലാറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയത്. തുടർന്ന് സൗരഭിനെ അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുൻപാണ് ഡേറ്റിങ് ആപ്പിൽ യുവതിയെ കണ്ടുമുട്ടിയതെന്നും മരണത്തിൽ യാതൊരു പങ്കുമില്ലെന്നും സൗരഭ് പൊലീസിനോട് പറഞ്ഞു. വഞ്ചനാക്കുറ്റത്തിനും ഭീഷണിപ്പെടുത്തി ഉപദ്രവിച്ചതിനും ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ബിഎച്ച്ഇഎൽ) ഹ്യൂമൻ റിസോഴ്സ് ഉദ്യോഗസ്ഥയാണ് മരണപ്പെട്ടത്.