സീറ്റില്ലാത്തതിനാൽ കയറ്റിയില്ല; സ്വിഫ്റ്റ് ബസ് തടഞ്ഞ് ജീവനക്കാർക്കുനേരെ കയ്യേറ്റ ശ്രമം
Mail This Article
താമരശേരി ∙ കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് സമീപം സ്വിഫ്റ്റ് ബസ് ജീവനക്കാർക്ക് നേരെ കയ്യേറ്റ ശ്രമം. തടയാൻ ശ്രമിച്ച യാത്രക്കാരനു മർദനമേറ്റു. കോഴിക്കോട്ടുനിന്നും ബെംഗളൂരുവിലേക്കു പോകുകയായിരുന്ന ബസിനു നേരെ കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയാണ് അക്രമമുണ്ടായത്. കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നു ഡ്രൈവർ പറഞ്ഞു.
താമരശേരിയിൽ എത്തുന്നതിനു മുൻപ്, സംഘത്തിൽപ്പെട്ട ഒരാൾ ബസിനു കൈകാണിച്ച് കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ സീറ്റില്ലാത്തതിനാൽ കയറ്റാനാവില്ലെന്നു പറഞ്ഞ് ബസ് മുന്നോട്ടെടുത്തു. തുടർന്ന് ഇയാൾ മറ്റുള്ളവരെ കൂട്ടി കാറിലെത്തി താമരശേരി സ്റ്റാൻഡിന് സമീപം ബസ് തടയുകയായിരുന്നു.
സംഘർഷത്തിനിടെ യാത്രക്കാരനു മർദനമേറ്റു. ഇതിനുശേഷം ഇവർ കാറിൽ കടന്നു കളഞ്ഞു. താമരശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാർ യാത്രക്കാർക്കായി അന്വേഷണം ആരംഭിച്ചു. ബസ് ബെംഗളൂരുവിലേക്ക് യാത്ര തുടർന്നു. പൊലീസിൽ പരാതി നൽകുമെന്നു മർദനമേറ്റ യാത്രക്കാരനും ബസ് ജീവനക്കാരും അറിയിച്ചു.