ബിജെപിക്കെതിരെ കോൺഗ്രസുമായി ചേരാനുള്ള സിപിഎം തീരുമാനം വൈകിയുദിച്ച വിവേകം: സി.പി.ജോൺ
Mail This Article
കൊൽക്കത്ത∙ ബിജെപിക്കെതിരേ കോൺഗ്രസുമായി ചേർന്ന് മൽസരിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം വൈകിയുദിച്ച വിവേകമാണെന്ന് സിഎംപി ജന.സെക്രട്ടറി സി.പി.ജോൺ. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്ന ചരിത്രപരമായ മണ്ടത്തരത്തിനുള്ള വിലയാണ് ഇപ്പോൾ ബംഗാളിൽ സിപിഎം നൽകിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ മൂന്നു സീറ്റിൽ മൽസരിക്കുന്ന പാർട്ടി ഫോർ ഡമോക്രാറ്റിക് സോഷ്യലിസ് (പിഡിഎസ്) സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനെത്തിയതായിരുന്നു സി.പി.ജോൺ. സിഎംപി ഉൾപ്പെടെയുള്ള അഞ്ചു പാർട്ടികൾ ഉൾപ്പെട്ട കമ്യൂണിസ്റ്റ് കോൺഫെഡറേഷനിൽ അംഗമാണ് സൈഫുദ്ദീൻ ചൗധരി സ്ഥാപിച്ച പിഡിഎസ്.
യുപിഎ സർക്കാറിനെ തകർക്കാനും സോമനാഥ് ചാറ്റർജിയെ സ്പീക്കർ സ്ഥാനത്തു നിന്ന് പുറത്താക്കാനുമുള്ള സിപിഎം തീരുമാനം ബംഗാളിൽ അവർക്ക് തിരിച്ചടിയായതായി കോൺഫെഡറേഷൻ ദേശീയ ജന.സെക്രട്ടറി കൂടിയായ ജോൺ പറഞ്ഞു. കോൺഗ്രസിനോട് ചേർന്നു പ്രവർത്തിക്കാനുള്ള സിപിഎം തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
ബംഗാളിൽ മുപ്പതോളം മണ്ഡലങ്ങളിലാണ് പിഡിഎസിന് പ്രവർത്തകരുള്ളത്. ബിജെപി ഇതര സ്ഥാനാർത്ഥികൾക്ക് ജയസാധ്യത മുൻനിർത്തി വോട്ട് ചെയ്യാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. മഥുരാപുരിൽ നടന്ന യോഗത്തിൽ പിഡിഎസ് ജന.സെക്രട്ടറി സമീർ പുതാടുൻഡു തുടങ്ങിയവർ പ്രസംഗിച്ചു.