ADVERTISEMENT

കൊച്ചി ∙ ലോക്ഡൗൺ കാലമായിരുന്നു അത്. മാലിന്യനീക്കം ആഴ്ചയിലൊരിക്കൽ മാത്രം. ഒരു ദിവസം, മാലിന്യം നീക്കുന്ന തൊഴിലാളികൾ, ഉപയോഗിച്ച സാനിറ്ററി പാഡുകൾ നീക്കം ചെയ്യുന്നത് നൗറീൻ കണ്ടു. ആർത്തവരക്തം പുരണ്ട പാഡുകളിൽനിന്ന് അവർ വെറുംകൈ കൊണ്ട് പ്ലാസ്റ്റിക്കും ജെല്ലും വേർതിരിക്കുകയായിരുന്നു. നൗറീനെ അതു ഞെട്ടിച്ചു. ‘‘ശരിക്കും വിഷമിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ഞാനതെപ്പറ്റി നസീഫിനോടു സംസാരിച്ചു. മെൻസ്ട്രൽ കപ്പുപയോഗിക്കുന്നതിനാൽ എനിക്ക് പാഡ് സംസ്കരിക്കൽ എന്ന പ്രശ്നമില്ലായിരുന്നു. കപ്പ് എന്ന ബദൽ മാർഗത്തെപ്പറ്റി ആളുകളെ ബോധവൽക്കരിക്കാൻ എന്തെങ്കിലും ചെയ്തുകൂടേയെന്ന് നസീഫ് എന്നോടു ചോദിച്ചു.’’ 

എച്ച്ആർ രംഗത്തു ജോലി ചെയ്യുകയായിരുന്ന നൗറീൻ ആയിഷയും സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന നസീഫ് നാസറും ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയത് ഫെമിസേഫ് എന്ന സ്റ്റാർട്ടപ്പിലൂടെയാണ്. ഇന്ന്, മെൻസ്ട്രൽ കപ്പുകളടക്കം 11 ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഫെമിസേഫിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 1.3 കോടി രൂപയാണ്. എന്നാൽ, ബോധവൽക്കരണ പരിപാടികളിലൂടെ ഈ യുവദമ്പതികളുടെ സ്റ്റാർട്ടപ് സമൂഹത്തിനു പകർന്ന സേവനങ്ങളുടെ മൂല്യം കണക്കാക്കുക എളുപ്പമല്ല. 

ചലച്ചിത്രതാരം മമ്മൂട്ടിയിൽ‌നിന്ന് കൈരളി ജ്വാല യങ് വിമൻ ഒൻട്രപ്രനർ പുരസ്കാരം സ്വീകരിക്കുന്ന നൗറീൻ ആയിഷ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചലച്ചിത്രതാരം മമ്മൂട്ടിയിൽ‌നിന്ന് കൈരളി ജ്വാല യങ് വിമൻ ഒൻട്രപ്രനർ പുരസ്കാരം സ്വീകരിക്കുന്ന നൗറീൻ ആയിഷ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

‘‘2020ൽ ഞങ്ങളുടെ കമ്പനിയുടെ മെൻസ്ട്രൽ കപ്പുകൾ ആദ്യമായി പുറത്തിറക്കിയ സമയത്ത് അതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു പോലുമറിയാത്ത പലരെയും ഞങ്ങൾ കണ്ടിരുന്നു. ഒന്നിലധികം തവണ പ്രസവിച്ച സ്ത്രീകളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. എന്നാൽ അടുത്തിടെ ഒരു ബോധവൽക്കരണ പരിപാടിക്കു ശേഷം, നാൽപതുകളിലുള്ള ഒരു സ്ത്രീ ഞങ്ങളുടെ അടുത്ത് കപ്പിനായി വന്നു. പതിനൊന്നുകാരിയായ മകൾക്കു വേണ്ടിയായിരുന്നു കപ്പ്. അവൾക്ക് ആർത്തവം ആകുന്ന സമയത്ത് ഉപയോഗിക്കാൻ. ആർത്തവാരോഗ്യവുമായി ബന്ധപ്പെട്ട ഞങ്ങളുടെ പ്രവർത്തനങ്ങൾക്കിടെ ഏറ്റവും സന്തോഷമുണ്ടായ നിമിഷങ്ങളിലൊന്നായിരുന്നു അത്.’’ നൗറീനും നസീഫും പറയുന്നു.

നൗറീൻ ആയിഷയും നസീഫ് നാസറും കപ്പ് ഓഫ് ലൈഫ് ക്യാംപെയ്നിൽ ഹൈബി ഈഡൻ എംപിക്കൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
നൗറീൻ ആയിഷയും നസീഫ് നാസറും കപ്പ് ഓഫ് ലൈഫ് ക്യാംപെയ്നിൽ ഹൈബി ഈഡൻ എംപിക്കൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പീരിയഡ് കെയർ, പഴ്സനൽ കെയർ, ഇന്റിമേറ്റ് കെയർ, ഗ്രൂമിങ് എന്നീ വിഭാഗങ്ങളിലായാണ് ഫെമിസേഫിന്റെ ഉൽപന്നങ്ങൾ ലഭ്യമാകുക. ഇവയുടെ വിൽപനയോടൊപ്പം, സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവർക്ക് ആർത്തവാരോഗ്യം, ആർത്തവ ശുചിത്വം എന്നീ മേഖലകളിൽ അറിവ് പകരുക എന്ന ദൗത്യവും കമ്പനി നടപ്പാക്കുന്നു. സ്കൂളുകളിലും കോളജുകളിലും കോർപറേറ്റ് സ്ഥാപനങ്ങളിലുമായി ഇതുവരെ നൂറിലധികം ബോധവൽക്കരണ പരിപാടികൾ ഇവർ സംഘടിപ്പിച്ചു കഴിഞ്ഞു. പെൺകുട്ടികളും ആൺകുട്ടികളുമടക്കം ഇരുപത്തയ്യായിരം പേരെങ്കിലും ഈ പരിപാടികളിൽ പങ്കെടുത്തിരിക്കാമെന്നു ഫെമിസേഫ് സ്ഥാപകർ പറയുന്നു.

വീട്ടുകാരറിയാതെ സ്റ്റാർട്ടപ് സംരംഭം

കോഴിക്കോട്ടുകാരിയായ നൗറീൻ പഠിച്ചതും വളർന്നതുമെല്ലാം ദുബായിലായിരുന്നു. കോവിഡ് കാലത്താണ് നൗറീനും കാഞ്ഞങ്ങാട് സ്വദേശി നസീഫുമായുള്ള വിവാഹനിശ്ചയം നടന്നത്. ഇരുവരും 2014-16 കാലത്ത് മംഗളൂരുവിലെ എൻജിനീയറിങ് കോളജിൽ പഠിച്ചിരുന്നെങ്കിലും അടുത്തു പരിചയപ്പെട്ടത് 2020ൽ കോഴിക്കോട്ട് ഒരു ചടങ്ങിൽ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ്. ആ കണ്ടുമുട്ടൽ വിവാഹത്തിലേക്കു മാത്രമല്ല, ഒരു സ്റ്റാർട്ടപ് സംരംഭത്തിലേക്കും നയിച്ചു. 

വിവാഹത്തിനു മുൻപ് ഒരിക്കൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് നൗറീൻ തന്നെ സങ്കടപ്പെടുത്തിയ ആ കാഴ്ചയെപ്പറ്റി നസീഫിനോടു പറഞ്ഞത്. ശുചീകരണത്തൊഴിലാളികൾ വെറും കൈകൊണ്ട് സാനിറ്ററി പാഡുകൾ നീക്കംചെയ്യുന്നതിനെപ്പറ്റി കേട്ട നസീഫിനെയും അതു സ്പർശിച്ചു. അപ്പോഴേക്കും, തങ്ങൾ ചെയ്തിരുന്ന ജോലി മടുത്തിരുന്ന നൗറീനും നസീഫും അങ്ങനെയാണ് സ്വന്തമായി ഒരു സംരംഭമെന്ന ചിന്തയിലെത്തുന്നത്.

ഒരു ബോധവൽക്കരണ പരിപാടിയിൽ നൗറീൻ ആയിഷ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഒരു ബോധവൽക്കരണ പരിപാടിയിൽ നൗറീൻ ആയിഷ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വിവാഹശേഷം ഇരുവരും കൊച്ചിയിലേക്കു താമസം മാറി. സംരംഭക സ്വപ്നത്തിന് കൂടുതൽ അനുയോജ്യം കൊച്ചിയാണെന്നു തോന്നിയതിനാലായിരുന്നു ആ മാറ്റം. പക്ഷേ അവരെന്താണ് ചെയ്യുന്നതെന്ന് ഇരുവരുടെയും കുടുംബങ്ങൾക്ക് ഒരു ധാരണയുമില്ലായിരുന്നു. തങ്ങൾക്ക് ഒരനിവാര്യതയായി തോന്നിയ മെൻസ്ട്രൽ കപ്പിൽനിന്നു തന്നെ തുടങ്ങാൻ ഫെമിസേഫ് സ്ഥാപകർ തീരുമാനിച്ചു. ‘‘പല സ്ത്രീകളും ഉപയോഗിക്കാൻ ഭയപ്പെടുന്ന ഉൽപന്നമാണ് മെൻസ്ട്രൽ കപ്പ്. അതിനൊരു കാരണം പല സ്ത്രീകൾക്കും സ്വന്തം ശരീരത്തെക്കുറിച്ചു തന്നെ തെറ്റിദ്ധാരണകളും പേടികളുമുണ്ടെന്നതാണ്. തെറ്റായ അറിവുകൾ അവരുടെ ദുരിതം കൂട്ടുന്നു. 

സ്വന്തം അനുഭവത്തിൽനിന്ന്, മെൻസ്ട്രൽ കപ്പുമായി ബന്ധപ്പെട്ട രണ്ടു പ്രധാന പ്രശ്നങ്ങൾ നൗറീൻ തിരിച്ചറിഞ്ഞിരുന്നു. കപ്പിന്റെ സ്റ്റെന്റിന്റെ നീളക്കുറവ് പലരെയും ബുദ്ധിമുട്ടിച്ചിരുന്നു. അതുപോലെ മാറ്റ് ഫിനിഷുള്ള കപ്പുകളിൽ എളുപ്പം കറ പിടിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണലായിരുന്നു ഫെമിസേഫിന്റെ ആദ്യകടമ്പ. നൗറീനും നസീഫും പല കപ്പു നിർമാതാക്കളെയും സമീപിച്ച് തങ്ങളുടെ ആവശ്യങ്ങൾ പങ്കുവച്ചു. അങ്ങനെ നിർമിച്ച അൻപതോളം സാംപിളുകൾ പരിശോധിച്ച ശേഷമാണ് അവർ തൃപ്തികരമെന്നു തോന്നിയ ഒരു ഉൽപന്നം തിരഞ്ഞെടുത്തത്. 

ഏതു ശരീരഘടനക്കാർക്കും പറ്റുന്ന തരത്തിൽ നീളമുള്ള സ്റ്റെന്റും കറ പിടിക്കാത്ത ഗ്ലോസി ഫിനിഷും ഫെമിസേഫ് കപ്പുകളുടെ പ്രത്യേകതയാണ്. കപ്പുകൾ അണുവിമുക്തമാക്കാനുള്ള സ്റ്റെറിലൈസറാണ് പിന്നീട് അവതരിപ്പിച്ചത്. ഫുഡ് ഗ്രേഡ് സിലിക്കണിൽ നിർമിച്ച ഈ ഉൽപന്നം ചൂടിനെ പ്രതിരോധിക്കും. തുടർന്ന്, വിങ്ങ്സുള്ള പാന്റി ലൈനറുകൾ, ഡിസ്പോസിബിൾ പീരീഡ് പാന്റീസ്, ഫെയ്സ് റേസറുകൾ, പിംപിൾ പാച്ചുകൾ, അലോവേര ജെൽ, വാട്ടർ ബേസ്‌ഡ് ലൂബ്രിക്കന്റ് എന്നിവയും വിപണിയിലെത്തിച്ചു. 

ആർത്തവാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമൂഹം നോക്കിക്കാണുന്ന രീതിയിൽ കാര്യമായ മാറ്റമുണ്ടാകുന്നുണ്ടെന്ന് നൗറീനും നസീഫും സ്വന്തം അനുഭവത്തിൽനിന്നു പറയുന്നു. ഫെമിസേഫ് ഉൽപന്നങ്ങളുടെ വിൽപനക്കണക്കുകൾ ഈ വാദത്തെ സാധൂകരിക്കുന്നുണ്ട്. ‘‘ഞങ്ങളുടെ ഉൽപന്നം ഫ്ലിപ്കാർട്ടിൽ ആദ്യം ലിസ്റ്റ് ചെയ്തപ്പോൾ, 100 പേരെങ്കിലും ഉറപ്പായും വാങ്ങുമെന്ന് ഞങ്ങൾ കരുതിയിരുന്നു. പക്ഷേ നാലു പേർ മാത്രമാണ് വാങ്ങിയത്. ആ സ്ഥാനത്ത്, ഇന്നിപ്പോൾ ഞങ്ങൾക്ക് 4.5 ലക്ഷം ഉപഭോക്താക്കളുണ്ട്’’ – നസീഫ് പറഞ്ഞു.

ഫെമിസേഫ് ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് ടയർ 3 നഗരങ്ങളിലാണ്. വിൽപനയുടെ 65-70 ശതമാനവും ദക്ഷിണേന്ത്യയിൽ നിന്നാണ്; അതിൽ 30 ശതമാനവും കേരളത്തിൽനിന്നും. ഇപ്പോൾ ഈ മേഖലയിലെ മറ്റ് കമ്പനികളും കേരളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് നസീഫ് പറഞ്ഞു. മെൻസ്ട്രൽ കപ്പ് അടക്കമുള്ള ഉൽപന്നങ്ങളെക്കുറിച്ചുള്ള ഉയർന്ന അവബോധമാണ് പ്രധാന കാരണം. ‘‘ഞങ്ങൾ ഇതിനെ മത്സരമെന്നതിലുപരി ഒരു അവസരമായാണ് കാണുന്നത്.’’ നസീഫ് പറഞ്ഞു.

സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും ആർത്തവ ശുചിത്വത്തെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുന്നതിനുള്ള മാർഗമായി ഫെമിസേഫ് സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നു. ‘‘ഞങ്ങളുടെ സോഷ്യൽ മീഡിയ പരസ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഞങ്ങളുടെ ഉൽപ്പന്നങ്ങളിലല്ല, മറിച്ച് അറിവ് പങ്കുവയ്ക്കുന്നതിലാണ്.’’ – നൗറീൻ പറഞ്ഞു.

English Summary:

FemiSafe: The Startup Transforming Menstrual Health Awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com