ഇത്തവണ വരാനിരിക്കുന്നത് അസാധാരണ മഴ; കരുതിയിരിക്കണോ കേരളം?
Mail This Article
ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് അസാധാരണ കാലവർഷം. ദീർഘകാലശരാശരിയുടെ (ലോങ് പിരീഡ് ആവറേജ്) 106 ശതമാനം വരെ മഴ അധികം ലഭിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അസാധാരണ കാലവർഷത്തിലേക്ക് കേരളത്തെ നയിക്കുന്നതിനു പിന്നിൽ, ആറു ശതമാനത്തിൽ അധികം മഴ ലഭിക്കുന്നതിനൊപ്പം മറ്റു ചില സാഹചര്യങ്ങൾ കൂടിയുണ്ട്
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ കുറയാൻ ഇടയാക്കുന്ന എൽ നിനോ പ്രതിഭാസം ദുർബലമായിട്ടുണ്ട്. വൈകാതെ ഇത് സാധാരണ സ്ഥിതിയിലേക്കെത്തും. മഴയ്ക്ക് അനുകൂലമായ ലാ നിന സാഹചര്യം ഓഗസ്റ്റോടെ ഉടലെടുക്കും. എന്നാൽ ജൂൺ മാസത്തിൽ മധ്യമ സാഹചര്യമാണ് ഉണ്ടാവുക. അത് കാലവർഷത്തിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്ന സാഹചര്യവും മഴയ്ക്ക് അനുകൂലമാണ്. അറബിക്കടലിലെ സമുദ്ര താപനില ശരാശരിയിൽനിന്ന് രണ്ടു ഡിഗ്രി കൂടുതലാണ്, ഇതും കനത്ത മഴയ്ക്കു കാരണമാകും.
ഈ വർഷത്തെ അസാധാരണമായ ചൂടും കാലവർഷത്തിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. താപനില വർധിക്കുമ്പോൾ മഴ കൂടും എന്നുള്ളത് സാധാരണ തത്വമാണ്. അതിന്റെ ഫലമായി അന്തരീക്ഷത്തിലേക്ക് കൂടുതൽ വായു ഉയരുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ശൂന്യസ്ഥലത്തേക്ക് ദക്ഷിണ ധ്രുവത്തിൽ നിന്നുള്ള തണുത്ത മേഘങ്ങളുടെ പ്രവാഹം ഉണ്ടാകുകയും ചെയ്യും. പർവതങ്ങൾ ഏറെയുള്ള കേരളം പോലുള്ള സ്ഥലങ്ങളിൽ ഇത് മഴയുടെ തോത് വർധിപ്പിക്കും.
മറ്റൊന്ന്, കേരള തീരത്ത് സാധാരണയായിക്കഴിഞ്ഞ കൂമ്പാരമേഘങ്ങളുടെ രൂപീകരണമാണ്. കാലവർഷം തുടങ്ങുന്നതിന് മുൻപുള്ള പ്രീ മൺസൂൺ കാലത്താണ് വേനൽ മഴയോടൊപ്പം കൂമ്പാര മേഘങ്ങൾ ഉണ്ടാകുന്നത്. മഴമേഘങ്ങൾ 12 മുതൽ 14 വരെ കിലോമീറ്റർ ‘ക്ലൗഡ് ഡെപ്ത്’ ഉള്ളവയാണ്. ഇവ ഉയർന്ന സ്ഥലങ്ങളിൽ വന്ന് തങ്ങിനിൽക്കുകയും തണുത്ത് അതിതീവ്രമഴയായി പെയ്യുകയും ചെയ്യാനുള്ള സാഹചര്യവും കേരളത്തിൽ കൂടുതലാണ്.