കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്സലിന്റെ വിരുന്നിൽ പങ്കെടുത്തു; ഡിവൈഎസ്പി എം.ജി.സാബുവിന് സസ്പെൻഷൻ
Mail This Article
തിരുവനന്തപുരം∙ ഗുണ്ടാനേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്പെൻഡ് ചെയ്തു. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. വിരുന്നിൽ പങ്കെടുത്ത മറ്റു മൂന്നു പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഈ മാസം 31ന് വിരമിക്കാൻ ഇരിക്കെയാണ് സാബുവിനെതിരെ നടപടി.സാബുവിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനവും പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നതുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പൊലീസ് സ്വീകരിക്കുന്ന ശക്തമായ നടപടികളെ ദുർബലപ്പെടുത്തുന്ന നടപടിയാണ് സാബുവിന്റേതെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. പൊതുജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥൻ ഗുണ്ടകളെ സഹായിക്കുന്നു എന്ന ധാരണ പരക്കാൻ ഇടയാക്കുന്നതാണ് നടപടി എന്നും ഉത്തരവിൽ വ്യക്തമാക്കി.
കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്സലിന്റെ (എം.ജെ.ഫെയ്സൽ–46) അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും പൊലീസുകാരും കുടുങ്ങിയത്. യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂർ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ഡിവൈഎസ്പിയും സംഘവും ഫെയ്സലിന്റെ വീട്ടിലെത്തിയത്. അൽപസമയത്തിനകം യൂണിഫോമിലുള്ള പൊലീസ് സംഘം വരുന്നതുകണ്ട് ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു.