ADVERTISEMENT

കോട്ടയം ∙ മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡന്റുമായിരുന്ന കെ.എ.ഫ്രാൻസിസിന്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിൽ മനോരമ ഓൺലൈനിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ അരുണിമ ജയന് പ്രത്യേക ജൂറി പരാമർശം. മാതൃഭൂമി ഓൺലൈനിലെ കണ്ടന്റ് റൈറ്റർ യു.എം. മുഹമ്മദ് സാബിത്തിനാണ് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന കെ.എ.ഫ്രാൻസിസ് സ്മാരക പുരസ്കാരം.

sabith
യു.എം. മുഹമ്മദ് സാബിത്ത്

ദിനപത്രം, ടിവി എന്നിവയോടു ചേർന്നു പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളിൽ 2023 ൽ  പ്രസിദ്ധീകരിച്ച മികച്ച റിപ്പോർട്ടുകളാണു പുരസ്കാരത്തിനു പരിഗണിച്ചത്. കൂടാതെ മറ്റ് ഓൺലൈൻ മീഡിയകളിൽ പ്രവർത്തിക്കുന്ന കെയുഡബ്ല്യുജെ അംഗങ്ങളുടെ എൻട്രികളും സ്വീകരിച്ചു.

കോവിഡ് കാലത്തിനുശേഷം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സമൂഹമാധ്യമ ഉപയോഗം, ഓണ്‍ലൈന്‍ വഴിയുള്ള ലഹരിവിൽപന, ലൈംഗിക ചൂഷണം, ഓണ്‍ലൈന്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ചൂതാട്ടം, മാനസിക സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, ആത്മഹത്യ, കാണാതാകല്‍ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണ പരമ്പരയ്ക്കാണ് മുഹമ്മദ് സാബിത്തിനു പുരസ്കാരം.

അണ്ഡം ശീതീകരിച്ചു സൂക്ഷിച്ച് ഇഷ്ടമുള്ളപ്പോൾ ഗർഭധാരണം സാധിക്കുന്ന രീതി കേരളത്തിലും വ്യാപകമാകുന്നതു സംബന്ധിച്ച റിപ്പോർട്ടാണ് അരുണിമ ജയനെ പ്രത്യേക പരാമർശത്തിന് അർഹയാക്കിയത്. രാജ്യാന്തരതലത്തിൽ തുടങ്ങി ഇപ്പോൾ ഇന്ത്യയിലും കേരളത്തിലും വ്യാപകമാകുന്ന അണ്ഡശീതീകരണത്തിന്റെ ശാസ്ത്രീയ, സാമൂഹിക വശങ്ങളെ വാർത്ത വിശകലനം ചെയ്തു. 

മുതിർന്ന മാധ്യമ പ്രവർത്തകനും തിരുവനന്തപുരം പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുൻ ഡയറക്ടറുമായ ഋഷി കെ.മനോജ്, ദീപിക കർഷകൻ എഡിറ്റർ ഇൻ ചാർജ് ജിമ്മി ഫിലിപ്, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ എ.കെ.രവീന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണു പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.

English Summary:

Celebrating Media Excellence: Press Club Awards Arunima Jayan and U.M. Muhammad Zabit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com