ADVERTISEMENT

കൊച്ചി ∙ കരിമണൽ കമ്പനിയായ സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നു സൂചന. ഇതിനു പുറമെ ഒട്ടേറെ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. സിഎംആർ‍എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) അബുദാബിയിലെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിക്കുന്നത്.

അതിനിടെ, ഈ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ രേഖകൾ കേസിലെ പരാതിക്കാരിലൊരാളായ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ, എസ്‍‌എൻസി ലാവ്‍ലിൻ കമ്പനികളിൽനിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3 കോടിയിലേറെ രൂപ വീതം വന്നു എന്നാണ് എസ്എഫ്ഐഒ വൃത്തങ്ങൾ പറയുന്നത്. ഇതിനു പുറമെയാണ് അധികം കേട്ടുകേൾവിയില്ലാത്ത മറ്റു കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയതും അതു മറ്റു വിദേശ അക്കൗണ്ടുകളിലേക്കു പോയതും. ദുബായിൽ റജിസ്റ്റർ ചെയ്ത ഈ സ്വകാര്യ സ്ഥാപനത്തിന്റെ സംയുക്ത അക്കൗണ്ടിന്റെ ഉടമകൾ മലയാളികളും അടുത്ത രാഷ്ട്രീയ ബന്ധമുള്ളവരുമാണ് എന്നാണു സൂചനകൾ.

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു നിലവിൽ ഹൈക്കോടതിയിലുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിലപാട് കർക്കശമാക്കുന്നതിനു പിന്നിലും ഈ ബാങ്ക് അക്കൗണ്ടിനു പങ്കുണ്ടെന്നും സൂചനകളുണ്ട്. ഈ അക്കൗണ്ടിലേക്കു പണമയച്ച ചില കമ്പനികൾ മസാല ബോണ്ടിലും നിക്ഷേപിച്ചിട്ടുണ്ടോ എന്ന നിലയിലായിരുന്നു ഇ.ഡി അന്വേഷണം. മസാല ബോണ്ടിനത്തിൽ ലഭിച്ച തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട് മുൻധനമന്ത്രി തോമസ് ഐസക്കിനെ ഈ കേസിൽ ചോദ്യം ചെയ്യണമെന്ന് ഇ.ഡി നിർബന്ധം പിടിക്കുന്നുമുണ്ട്. ഈ കേസ് ഉച്ചകഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും.

English Summary:

Unveiling the Mystery: CMRL and Exalogic Deal Leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com